കാസര്‍കോട്:വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ കെ വിദ്യയ്‌ക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. വ്യാജരേഖ നിര്‍മിക്കല്‍ (ഐപിസി 468), വ്യാജ രേഖ തട്ടിപ്പിന് ഉപയോഗിക്കല്‍ (ഐപിസി 471) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. വിദ്യയ്‌ക്കെതിരെ കരിന്തളം ഗവ കോളജ് പരാതി നൽകിയതിനെ തുടര്‍ന്നായിരുന്നു നടപടി.
നീലേശ്വരം പൊലീസ് സ്‌റ്റേഷനിലാണ് പ്രിൻസിപ്പാള്‍ പരാതി നൽകിയിരുന്നത്. നിയമനം ലഭിക്കാൻ വ്യാജ രേഖയാണ് ഹാജരാക്കിയത് എന്ന് കാണിച്ചാണ് പരാതി നൽകിയിരുന്നത്. ഇതേ തുടർന്നാണ് നീലേശ്വരം പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്.
സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് സ്ഥിരീകരിച്ചത് ഇന്ന്: കെ വിദ്യയുടെ വ്യാജ സർട്ടിഫിക്കറ്റ് പരിശോധിക്കുന്നതിൽ കാസർകോട് കരിന്തളം ഗവ കോളജിന് സംഭവിച്ചത് ഗുരുതര വീഴ്‌ചയെന്ന് ആരോപണം ഉയർന്നിരുന്നു. തുടർന്ന് സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കരിന്തളം കോളജിൽ അടിയന്തര കൗൺസിൽ യോഗം ചേരുകയും കോളജിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റ് വ്യാജമാണോയെന്ന് ഉറപ്പിക്കാൻ മഹാരാജാസിലേക്ക് അയക്കുകയും ചെയ്‌തിരുന്നു. കരിന്തളം ഗവണ്‍മെന്‍റ് ആർട്‌സ് ആൻഡ് സയൻസ് കോളജിൽ വിദ്യ ഹാജരാക്കിയ സർട്ടിഫിക്കറ്റ് വ്യാജമെന്ന് സ്ഥിരീകരണം ഇന്നാണ് ഉണ്ടായത്.
മഹാരാജാസ് കോളജ് അധികൃതരാണ് മറുപടി നൽകിയത്. രണ്ട് വർഷം മഹാരാജാസിൽ പഠിപ്പിച്ചു എന്ന സർട്ടിഫിക്കറ്റാണ് വിദ്യ ഹാജരാക്കിയിരുന്നത്. 2022 ജൂൺ മുതൽ 2023 മാർച്ച് വരെയാണ് കാസർകോട് കരിന്തളം ഗവ കോളജിൽ കെ വിദ്യ താത്‌കാലിക അധ്യാപികയായി ജോലി ചെയ്‌തത്.
അട്ടപ്പാടി ഗവൺമെന്‍റ് കോളജിൽ ഈ വർഷം നിയമനത്തിന് ശ്രമിച്ചപ്പോഴാണ് വ്യാജ സർട്ടിഫിക്കറ്റാണെന്ന കാര്യം പുറത്തറിയുന്നത്. സർട്ടിഫിക്കറ്റിൽ ഉപയോഗിച്ച സീലിലും ഒപ്പിലും സംശയം തോന്നിയപ്പോഴാണ് അട്ടപ്പാടി കോളജ്, മഹാരാജാസ് കോളജിൽ ബന്ധപ്പെടുന്നത്. 2018 കാലയളവിൽ മഹാരാജാസിൽ ജോലി ചെയ്‌ത അട്ടപ്പാടി കോളജ് പ്രിൻസിപ്പാളിന് തോന്നിയ സംശയമാണ് ഗുരുതരമായ ക്രമക്കേട് പുറത്തെത്തിച്ചത്.
പ്രതികരിച്ച് മന്ത്രി എം ബി രാജേഷ്: സംഭവത്തില്‍ മന്ത്രി എം ബി രാജേഷ് പ്രതികരിച്ചിരുന്നു. വിദ്യ പഠിക്കുന്ന കാലത്ത് എസ്‌എഫ്‌ഐയിലുണ്ടായിരുന്നുവെന്നും അത് കഴിഞ്ഞ് ഏതെങ്കിലും കാലത്ത് എന്തെങ്കിലും ചെയ്‌താല്‍ അതിന്‍റെ പഴി എസ്‌എഫ്ഐയുടെ തലയില്‍ വയ്‌ക്കണോയെന്നും മന്ത്രി ചോദിച്ചു. അത് എസ്‌എഫ്‌ഐയുടെ തലയില്‍ വയ്‌ക്കുന്ന മാധ്യമങ്ങളുടെ താത്‌പര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മാര്‍ക്ക് ലിസ്‌റ്റ് വിവാദത്തിലും മന്ത്രി: അതേസമയം, മഹാരാജാസ് കോളജിലെ മാര്‍ക്ക് ലിസ്‌റ്റ് വിവാദത്തില്‍ എസ്‌എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയെ ന്യായീകരിച്ചും മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ചും മന്ത്രി എംബി രാജേഷ് രംഗത്തെത്തിയിരുന്നു. ആര്‍ഷോയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രശ്‌നം എന്താണെന്ന് നിങ്ങളാണ് പറയേണ്ടത്. അസംബന്ധങ്ങള്‍ പറയുന്നതിന് അതിരുവേണമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആദ്യം വസ്‌തുത ഇല്ലാത്ത കാര്യം പറഞ്ഞ പ്രിന്‍സിപ്പാള്‍ പിന്നീട് അത് തിരുത്തി. ആ തിരുത്തലല്ല ആദ്യം പറഞ്ഞതാണ് വിശ്വസിക്കേണ്ടതെന്ന് പറയുന്ന നിങ്ങള്‍ക്ക് കാര്യമായി എന്തോ തകരാറുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി. എന്ത് അസംബന്ധവും പറയാം, അത് പണിയൊന്നുമില്ലാത്തവരെ വിളിച്ചുവരുത്തി രാത്രി ചര്‍ച്ച ചെയ്യുന്നതുമാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. വസ്‌തുത വ്യക്തമായാലെങ്കിലും നേരോ നെറിയോ ഉണ്ടെങ്കില്‍ മാധ്യമങ്ങള്‍ ആര്‍ഷോയ്‌ക്കെതിരെയുള്ള വാര്‍ത്ത പിന്‍വലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.