കേരളം

kerala

ETV Bharat / state

കഫേ കോഫീ ഡേ സ്ഥാപകൻ സിദ്ധാർഥക്കായുള്ള തെരച്ചിൽ തുടരുന്നു - കഫേ കോഫീ ഡേ

കാർവാറിൽ നിന്നുള്ള നേവിയുടെ സഹായവും തേടിയതായി ദക്ഷിണ കന്നഡ കമ്മീഷണർ ശശികാന്ത് സെന്തിൽ അറിയിച്ചു.

കഫേ കോഫീ ഡേ സ്ഥാപകൻ

By

Published : Jul 31, 2019, 1:40 AM IST

Updated : Jul 31, 2019, 3:10 AM IST

കാസർകോട്: കാണാതായ കഫേ കോഫി ഡേ സ്ഥാപകൻ വി ജി സിദ്ധാര്‍ഥക്കായുള്ള തെരച്ചില്‍ തുടരുന്നു. ചിക്കമംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് പുറപ്പെട്ട സിദ്ധാർത്ഥയെ തിങ്കളാഴ്‌ച രാത്രി ഒമ്പത് മണിയോടെയാണ് കാണാതായത്. നേത്രാവദി നദിക്ക് സമീപത്തെ പാലത്തിൽ വച്ച് സിദ്ധാർഥ കാറിൽ നിന്ന് ഇറങ്ങി പോയതായാണ് റിപ്പോർട്ട്. ഡ്രൈവറാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ നേത്രാവതി പുഴയിൽ നീരൊഴുക്ക് കൂടുതലാണ്. അതുകൊണ്ട് തന്നെ തെരച്ചലും ഏറെ ദുഷ്‌കരമാണ്. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതോടെ നദിയിൽ ചാടിയതാണെന്ന നിഗമനത്തിലാണ് പൊലീസ്.

കഫേ കോഫീ ഡേ സ്ഥാപകൻ സിദ്ധാർഥക്കായുള്ള തെരച്ചിൽ തുടരുന്നു

മംഗളൂരുവിന് സമീപമുള്ള ദേശീയ പാതയിലെ ജെപ്പിന മൊഗരുവിൽ ഇയാൾ ഡ്രൈവറോട് വാഹനം നിര്‍ത്താൻ ആവശ്യപ്പെടുകയും ഇറങ്ങി പോകുകയുമായിരുന്നു. എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും ഇയാൾ തിരിച്ചു വന്നില്ലെന്നും തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ലെന്നുമാണ് ഡ്രൈവറുടെ മൊഴി. തന്നോട് വാഹനം നിർത്താൻ പറഞ്ഞ സമയത്ത് സിദ്ധാർഥ ഫോണിൽ സംസാരിച്ചിരുന്നെങ്കിലും പിന്നീട് ഫോണിലേക്ക് വിളിച്ചപ്പോൾ സ്വിച്ച് ഓഫായിരുന്നുവെന്നും ഡ്രൈവർ പൊലീസിനോട് പറഞ്ഞു.

മുൻ കർണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ എസ് എം കൃഷ്ണയുടെ മൂത്തമകൾ മാളവികയെയാണ് സിദ്ധാർഥ വിവാഹം ചെയ്‌തിരിക്കുന്നത്. ഇവർക്ക് രണ്ട് ആൺ മക്കളുണ്ട്. കഫേ കോഫി ഡേ ശൃംഖലകൾക്ക് പുറമേ ഹോസ്‌പിറ്റാലിറ്റി ശൃംഖലയും സിദ്ധാർഥ സ്ഥാപിച്ചിട്ടുണ്ട്. നിരവധി കാപ്പിത്തോട്ടങ്ങളുടെ ഉടമയുമാണ് സിദ്ധാർഥ്. മൈൻഡ്ട്രീ എന്ന സോഫ്റ്റ്‌വെയർ കമ്പനിയിലെ തന്‍റെ ഓഹരി 3000 കോടിയോളം രൂപക്ക് അടുത്തിടെ സിദ്ധാർഥ വിറ്റിരുന്നു. കഫേ കോഫീ ഡേ ബ്രാൻഡ് കൊക്കൊ കോളയ്ക്ക് വിൽക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്ന് വരുന്നതിനിടെയാണ് സിദ്ധാർഥയുടെ തിരോധാനം. കോസ്റ്റ് ഗാർഡിന്‍റെയും എൻഡിആർഎഫിന്‍റെയും നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്. കാർവാറിൽ നിന്നുള്ള നേവിയുടെ സഹായവും തേടിയതായി ദക്ഷിണ കന്നഡ കമ്മീഷണർ ശശികാന്ത് സെന്തിൽ അറിയിച്ചു.

Last Updated : Jul 31, 2019, 3:10 AM IST

ABOUT THE AUTHOR

...view details