കാസര്‍കോട്: ദുര്‍ഗന്ധത്താല്‍ പൊറുതി മുട്ടി കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരം. ഓവുചാല്‍ സ്ലാബുകള്‍ പൊട്ടി പൊളിഞ്ഞതോടെ ഇവിടെ എത്തുന്നവര്‍ക്ക് മൂക്ക് പൊത്താതെ നടക്കാന്‍ കഴിയില്ലെന്ന അവസ്ഥയാണ്. ബസ് സ്‌റ്റാന്‍ഡിന് പിറക് വശത്തെ ഓട്ടോ സ്‌റ്റാന്‍ഡിനോട് ചേര്‍ന്നുള്ള ഓവുചാലിന്‍റെ സ്ലാബുകളാണ് തകര്‍ന്നത്.
ദുര്‍ഗന്ധത്താല്‍ പൊറുതി മുട്ടി കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരം
കംഫര്‍ട്ട് സ്‌റ്റേഷനിലേയും, ഹോട്ടലുകളിലെയും മാലിന്യങ്ങള്‍ പൊട്ടിയ ഓവുചാലില്‍ നിന്നും ഒലിച്ചിറങ്ങി ദുര്‍ഗന്ധം വമിക്കുന്നു
ഓവുചാലില്‍ നിന്നും ബസ് സ്‌റ്റാന്‍ഡിലെ ബില്‍ഡിങില്‍ സ്ഥതി ചെയ്യുന്ന കംഫര്‍ട്ട് സ്‌റ്റേഷനിലേയും, ഹോട്ടലുകളിലെയും മാലിന്യങ്ങള്‍ പരിസരമാകെ ഒലിച്ചിറങ്ങി കാല്‍ നടയാത്രക്കാര്‍ക്ക് ദുര്‍ഗന്ധം കാരണം നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. യാത്രക്കാര്‍ക്ക് പുറമെ ഇവിടെ നിര്‍ത്തിയിടുന്ന ഓട്ടോ തൊഴിലാളികളാണ് ഏറെ പ്രയാസപ്പെടുന്നത്. ഓടയുടെ സ്ഥിതി ഇങ്ങനെയായിട്ടു ഒരു വര്‍ഷം കഴിഞ്ഞെങ്കിലും നഗരസഭ അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് ഓട്ടോ തൊഴിലാളികൾ പറയുന്നു.
ബസ് സ്‌റ്റാന്‍ഡിലെയും, പരിസരത്തെയും വ്യാപാരികളും ഏറെ പ്രയാസം അനുഭവിക്കുന്നു. മാലിന്യങ്ങളില്‍ നിന്നുള്ള ദുര്‍ഗന്ധം കാരണം കച്ചവടം നടത്തുവാന്‍ പോലും പറ്റാത്ത അവസ്ഥയാണെന്ന് വ്യാപാരികള്‍ പറയുന്നു. പകര്‍ച്ചവ്യാധികളടക്കമുള്ള മാരക രോഗങ്ങള്‍ പിടിപെടുമെന്നുള്ള ആശങ്കയിലാണ് ഇവിടെയെത്തുന്നവര്‍. നഗരത്തിന്‍റെ ഹൃദയ ഭാഗത്ത് ജനങ്ങള്‍ക്ക് ദുരിതമാകുന്ന പ്രശ്‌നം കണ്ടില്ലെന്ന് നടിക്കുന്ന അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ശക്തമാണ്.