കാസർകോട് :ജീവിത പ്രതിസന്ധികൾ മറികടക്കാൻ വസ്ത്ര വിൽപനയിലും ഒരു കൈ നോക്കുകയാണ് ബസ് ജീവനക്കാർ. കൊവിഡ് കാലത്തുണ്ടായ പ്രതികൂല സാഹചര്യമാണ് ബസ് സർവീസിന്‍റെ ഇടവേളയിലെ വസ്ത്രക്കച്ചവടത്തിലേക്കെത്തിച്ചത്. കണ്ണൂർ -കാസർകോട് റൂട്ടിൽ ഓടുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിലെ തൊഴിലാളികളാണ് കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് തുണിക്കച്ചവടം ആരംഭിച്ചത്.
ജീവിത പ്രതിസന്ധികൾ മറികടക്കാൻ വസ്ത്ര വിൽപനയുമായി ബസ് ജീവനക്കാർ - kasarkode
കണ്ണൂർ -കാസർകോട് റൂട്ടിൽ ഓടുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിലെ തൊഴിലാളികളാണ് കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് തുണിക്കച്ചവടം ആരംഭിച്ചത്
വഴിയോര വിപണിക്ക് സമാനമായി വലിച്ചുകെട്ടിയ കയറിൽ തുണിത്തരങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടാണ് കച്ചവടം. വിൽപനയിൽ ഏറെയും ബനിയനുകളാണ്. ഒരെണ്ണം 150 രൂപ നിരക്കിലാണ് വിൽപന. ലോക് ഡൗൺ ഇളവുകൾക്ക് പിന്നാലെ ബസുകൾ ഓടിത്തുടങ്ങിയെങ്കിലും ആളുകൾ ഇല്ലാത്തതിനാൽ സർവീസുകൾ ചുരുക്കി. രാവിലെ കണ്ണൂരിൽ നിന്നും പുറപ്പെട്ടാൽ പിന്നെ വൈകിട്ട് മാത്രമാണ് മടക്കം. ഇതിനിടയിൽ ഏഴ് മണിക്കൂറിലേറെ സമയം വെറുതെ ഇരിക്കേണ്ടി വരുന്നതും കൂലിയിൽ കുറവ് വന്നതുമാണ് ഇങ്ങനെയൊരു വ്യാപാരത്തിലേക്ക് ഇവരെ എത്തിച്ചത്. ഭക്ഷണമടക്കം ദിവസച്ചിലവുകൾക്കുള്ള വകയെങ്കിലും ഇങ്ങനെ കണ്ടെത്തുന്നു.
നാല് ബസുകളിലെ തൊഴിലാളികൾ ചേർന്നാണ് വിൽപ്പന നടത്തുന്നത്. തളിപ്പറമ്പിലെ മൊത്ത വിതരണക്കാരിൽ നിന്നും വാങ്ങിയാണ് വസ്ത്രങ്ങൾ വിൽപ്പനക്കെത്തിക്കുന്നത്. ബസ് സ്റ്റാൻഡിൽ വന്നുപോകുന്ന ജനങ്ങളിൽ നിന്നും മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നതിനാൽ ബസ് തൊഴിലാളികളായ വ്യാപാരികളും സന്തോഷത്തിലാണ്.