ഹസീബിനെ രക്ഷിച്ചതിനെക്കുറിച്ച് ഹിബത്തുല്ല കാസര്‍കോട്: മുന്‍പില്‍ ആഴമേറിയ പുഴ. ഒരു നിമിഷം പതറിയാല്‍ തന്‍റെ പ്രിയപ്പെട്ടവന്‍റെ ജീവന്‍ നഷ്‌ടമാവും. ആ നിമിഷം മറിച്ചൊന്നും ചിന്തിക്കാതെയാണ് പള്ളങ്കോട് സ്വദേശിയായ എട്ടുവയസുകാരന്‍ ഒഴുക്കില്‍ അകപ്പെട്ട അഞ്ചാം ക്ലാസുകാരനെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്.
പയസ്വിനിപ്പുഴയുടെ ഒഴുക്കിലാണ്, പള്ളങ്കോട് സര്‍ സയ്യിദ് എല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി ഹിബത്തുല്ലയുടെ സമയോചിതമായ ഇടപെടലിലൂടെ പള്ളങ്കോട് യുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ഹസീബാണ് രക്ഷപ്പെട്ടത്. എട്ടുവയസുകാരന്‍റെ ധീരതയ്ക്ക് മുന്‍പില്‍ പുഴപോലും തലകുനിക്കുകയായിരുന്നു. പള്ളങ്കോട് മോരക്കാനത്തെ ഇബ്രാഹിമിന്‍റേയും കെഎം ബുഷ്‌റയുടെയും മകനാണ് മുഹമ്മദ് ഹിബത്തുല്ല. പയസ്വിനിപ്പുഴയുടെ കരയിലാണ് ഇവരുടെ വീട്.
ഹിബത്തുല്ലയ്‌ക്ക് അഭിനന്ദന പ്രവാഹം:ഇബ്രാഹിമിന്‍റെ സഹോദര പുത്രനായ ഹസീബ് ഇവരുടെ വീട്ടിലേക്ക് വന്നതായിരുന്നു. ഉച്ചഭക്ഷണം കഴിച്ച് ബുഷ്‌റ പുഴയിലേക്കു തുണി അലക്കാന്‍ പോയപ്പോള്‍ കുട്ടികളും കൂടെ കൊണ്ടുപോവുകയായിരുന്നു. ഹിബത്തുല്ലയും ഹസീബും പൊതുവെ ആഴമില്ലാത്ത സ്ഥലത്ത് മാത്രം ഇറങ്ങുന്നതായിരുന്നു പതിവ് രീതി. മുങ്ങാതിരിക്കാന്‍ ഹിബത്തുല്ല ശരീരത്തില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കെട്ടാറുണ്ട്. ബുഷ്റ തുണി അലക്കുന്നതിനിടെ കുട്ടികള്‍ പുഴയിലിറങ്ങി നീന്തിക്കളിക്കാന്‍ തുടങ്ങുകയായിരുന്നു.
ഇവര്‍ നീന്തി കരയില്‍ നിന്നും നൂറ് മീറ്ററോളം ദൂരെ എത്തുകയും ഹിബത്തുള്ളയുടെ പിന്നിലായ ഹസീബിന് ക്ഷീണം അനുഭവപ്പെടുകയുമുണ്ടായി. കരച്ചില്‍ കേട്ട് തിരിഞ്ഞുനോക്കി ഹിബത്തുല്ല നീന്തിയെത്തി ഹസീബിനെ കരയിലേക്ക് വലിച്ചുകൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന്, ബുഷ്‌റ കൈപിടിച്ച് കുട്ടിയെ കരയിലേക്ക് കയറ്റുകയും ചെയ്‌തു.
പുഴയിൽ മുങ്ങിത്താഴുകയായിരുന്ന കുട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ മുഹമ്മദ് ഹിബത്തുല്ലയ്‌ക്ക് നാടിന്‍റെ അഭിനന്ദന പ്രവാഹമാണ് ഇപ്പോൾ. കുട്ടിയുടെ ധീര പ്രവര്‍ത്തിയെ നാട്ടുകാരും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് അനുമോദിച്ചു. കേരള മുസ്‌ലിം ജമാഅത്ത്, എസ്‌വൈഎസ്, എസ്‌എസ്‌എഫ് തുടങ്ങിയ സംഘടനകളും ബാലനെ ആദരിച്ചു.