കാസർകോട്: കുപ്പികളില്‍ വര്‍ണങ്ങള്‍ ചാലിച്ച് മനോഹരമാക്കുകയാണ് രാവണീശ്വരം രാമഗിരിയിലെ സുധിന എന്ന വീട്ടമ്മ. ചിത്രകലയില്‍ പ്രായോഗിക പരിശീലനം നേടിയിട്ടില്ലാത്ത സുധിന തന്‍റെയുള്ളിലെ സര്‍ഗശേഷിയാണ് കുപ്പികളിലെ പെയിന്‍റിങിലൂടെ പ്രകടമാക്കുന്നത്. അക്രിലിക് വര്‍ണങ്ങളും ഗ്ലാസ് പെയിന്‍റും ഉപയോഗിച്ചാണ് ബോട്ടില്‍ ആർട്ട് ചെയ്യുന്നത്.
കുപ്പികളില്‍ വര്‍ണങ്ങള്‍ ചാലിച്ച് സുധിന എന്ന വീട്ടമ്മ - BOTTLE ART KERALA STORIES
ഉപയോഗ ശേഷം പാഴാക്കി കളയുന്ന കുപ്പികളില്‍ നിറം പിടിപ്പിക്കുന്നത് ഒരു കൗതുകത്തിന് തുടങ്ങിയതാണെങ്കിലും ഈ രംഗത്ത് കൂടുതല്‍ വൈവിധ്യങ്ങള്‍ ഒരുക്കി വിപണി സാധ്യത കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് സുധിന ഇപ്പോള്‍.
നാല് മാസം മുന്‍പ് കൈയില്‍ കിട്ടിയ സോഡാക്കുപ്പിയില്‍ കൗതുകത്തിന് നടത്തിയ പെയിന്‍റിങ് ആണ് സുധിനയെ ചിത്രകലയുടെ ലോകത്തേക്ക് വഴി തിരിച്ചു വിട്ടത്. സോഡാക്കുപ്പിയിലെ ചിത്രം ഇഷ്‌ടപ്പെട്ട ബന്ധുക്കളും അയല്‍വാസികളും പ്രോത്സാഹിപ്പിച്ചതോടെ കാര്യങ്ങള്‍ ഉഷാറായി. ഇന്നിപ്പോള്‍ സുധിനയുടെ കൈയില്‍ കിട്ടുന്ന കുപ്പികളിലെല്ലാം മനോഹരങ്ങളായ ചിത്രങ്ങള്‍ വിരിയുന്നു.
രാവണീശ്വരം രാമഗിരിയിലെ സുധിനയുടെ വീട്ടിലെ അലമാരകളും സ്വീകരണമുറിയുമെല്ലാം വര്‍ണക്കുപ്പികളാല്‍ നിറഞ്ഞിരിക്കുകയാണ്. കുപ്പികളില്‍ നിറങ്ങള്‍കൊപ്പം ആകര്‍ഷണീയതക്ക് വേണ്ടി നൂല്‍, അരിമണി, നെല്ല് തുടങ്ങിയവയും ഉപയോഗിക്കുന്നുണ്ട്. ഉപയോഗ ശേഷം പാഴാക്കി കളയുന്ന കുപ്പികളില്‍ നിറം പിടിപ്പിക്കുന്നത് ഒരു കൗതുകത്തിന് തുടങ്ങിയതാണെങ്കിലും ഈ രംഗത്ത് കൂടുതല്‍ വൈവിധ്യങ്ങള്‍ ഒരുക്കി വിപണി സാധ്യത കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് സുധിനയിപ്പോള്‍.