ചെക്ക് പോസ്റ്റ് കടത്തിവിട്ടില്ല; കാസർകോട്ട് ചികിത്സ കിട്ടാതെ രോഗി മരിച്ചു
20:03 March 30
മംഗളൂരു ആശുപത്രി ചെക്ക് പോസ്റ്റിൽ എത്തിയെങ്കിലും കടത്തിവിടാൻ കർണാടക പൊലീസ് തയ്യാറായില്ല
കാസർഗോഡ്: അതിർത്തി ചെക്‌പോസ്റ്റ് കടത്തിവിടാൻ കർണാടക സർക്കാർ തയ്യാറാകാത്തതിനെ തുടർന്ന് കാസർകോട്ട് ഒരു മരണം കൂടി. മംഗലാപുരം ആശുപത്രിയിലേക്ക് വിദഗ്‌ധ ചികിത്സക്ക് പോകേണ്ട രോഗി കൂടി മരിച്ചതോടെ മരണ സംഖ്യ രണ്ടായി.
മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശി മാധവ(45) ആണ് മരിച്ചത്. കിഡ്‌നി സംബന്ധമായ അസുഖത്തിന് കുമ്പള സഹകരണ ആശുപത്രിയിൽ മൂന്ന് ദിവസമായി ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. മംഗളൂരു ആശുപത്രിയിലേക്കോ പരിയാരം മെഡിക്കൽ കോളജിലേക്കോ കൊണ്ടു പോകാൻ തിങ്കളാഴ്‌ച രാവിലെ 11 മണിയോടെ ഡിസ്‌ചാർജ് ചെയ്യുകയായിരുന്നു. മംഗളൂരു ആശുപത്രിയിൽ പോകാൻ ചെക്ക് പോസ്റ്റിൽ എത്തിയെങ്കിലും പൊലീസ് കടത്തിവിട്ടില്ല. ഇതിനിടെയിൽ മാധവയുടെ നില വഷളായി. ഇതോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാധവയെ കൊണ്ട് പോകുന്നതിനിടെ ഉദുമ പാലക്കുന്നിലെത്തിയപ്പോൾ അവിടെ ബെഡ് ഒഴിവില്ലെന്ന് അറിയിക്കുകകയായിരുന്നു. തിരിച്ച് കാസർകോട് കിംസ് ആശുപത്രിയിലെത്തികുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ബന്ധുക്കൾ കുഞ്ചത്തൂരിലെ വീട്ടിലേക്ക് കൊണ്ടുപോയി.
നേരത്തെ അതിർത്തി കടത്തിവിടാത്തതിനെതുടർന്ന് ആയിഷ (60) എന്ന രോഗി മരിച്ചിരുന്നു. ശ്വാസ തടസത്തെ തുടർന്ന് ഉപ്പളയിലെ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്നും മംഗ്ലൂരുവിലേക്ക് അടിയന്തരമായി എത്തിക്കാൻ പറയുകയായിരുന്നു. അതിർത്തിയിൽ എത്തിയെങ്കിലും കർണാടക പൊലീസ് തടഞ്ഞതിനെ തുടർന്ന് ആംബുലൻസിൽ തന്നെ മരണം സംഭവിച്ചു.