കാസര്‍കോട്: തലപ്പാടി ചെക്ക് പോസ്റ്റ് വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികൾ എത്തിത്തുടങ്ങി. കർണാടകയിൽ നിന്നുള്ളവരാണ് ആദ്യമെത്തിയത്. അതിർത്തി കടക്കുന്നവരെ പരിശോധിക്കുന്നതിനായി 100 ഹെൽപ്പ് ഡെസ്‌ക്കുകളാണ് പ്രവർത്തിക്കുന്നത്. ആരോഗ്യവിഭാഗം ജീവനക്കാർക്ക് പുറമെ മൂന്ന് ഷിഫ്റ്റുകളിലായി 900 അധ്യാപകരെയും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ജില്ലാ അതിര്‍ത്തിയായ തലപ്പാടിയില്‍ എത്തുന്നവരുടെ വിവരങ്ങള്‍, ആരോഗ്യ സ്ഥിതി എന്നിവ പരിശോധിക്കുന്നുണ്ട്.
തലപ്പാടി ചെക്ക് പോസ്റ്റ് വഴി മലയാളികൾ എത്തിത്തുടങ്ങി
ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങളുള്ളവരെ പരിശോധനാ കേന്ദ്രത്തിലേക്ക് മാറ്റും. പരിശോധനയ്ക്ക് ശേഷം അവരെ ആംബുലന്‍സില്‍ നിരീക്ഷണ കേന്ദ്രത്തിലെത്തിക്കും
കര്‍ണാടക അതിര്‍ത്തിയില്‍ നിന്നും ജില്ലാ അതിര്‍ത്തിയിലെത്തുന്ന ഓരോ വണ്ടിക്കും ആര്‍ടിഒ, പൊലീസ് ഉദ്യോഗസ്ഥര്‍ ടോക്കണ്‍ നല്‍കിയാണ് പരിശോധനകൾ നടത്തുന്നത്. 100 ഹെൽപ്പ് ഡെസ്‌ക്കുകളിലേക്കായി 100 ടോക്കണുകൾ വീതമാണ് നൽകുന്നത്. ടോക്കണിന്‍റെ അടിസ്ഥാനത്തില്‍ ഡ്രൈവറിൽ നിന്നാണ് രേഖകൾ പരിശോധിക്കുന്നത്. തുടർന്ന് ജെഎച്ച്‌ഐ, ആര്‍ടിഒ, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘം വാഹനം പരിശോധിച്ച് യാത്രക്കാരുടെ എണ്ണം, രോഗവിവരങ്ങള്‍, കൊവിഡ് പ്രോട്ടോകോള്‍ പാലനം, നിലവിലെ സ്ഥിതി എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തുന്നു. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങളുള്ളവരെ മെഡിക്കല്‍ ഓഫീസര്‍ പരിശോധിക്കുന്നതിന് പരിശോധനാ കേന്ദ്രത്തിലേക്ക് മാറ്റും. പരിശോധനയ്ക്ക് ശേഷം ജില്ലയിലുളളവരാണെങ്കില്‍ അവരെ ആംബുലന്‍സില്‍ നിരീക്ഷണ കേന്ദ്രത്തിലെത്തിക്കും. മറ്റ് ജില്ലയിലുളളവരാണെങ്കില്‍ സ്വദേശത്തെത്തിക്കുന്നതിന് അവരുടെ ചെലവില്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തി നൽകും.
പരിശോധനക്കായി തയ്യാറാക്കിയിട്ടുളള ഹെല്‍പ് ഡെസ്‌ക്കുകള്‍ ഓരോ അര മണിക്കൂര്‍ ഇടവിട്ട് അണുവിമുക്തമാക്കുന്നതിന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘവും അതിർത്തിയിലുണ്ട്. രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രികളിലെത്തിക്കുന്നതിനായി ജില്ലയില്‍ ലഭ്യമായ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുളള ആംബുലന്‍സുകളുടെ വിവരങ്ങളടങ്ങിയ ലിസ്റ്റ് തയ്യാറാക്കി, അടിയന്തര സേവനത്തിന് ഉപയോഗിക്കേണ്ട ആംബുലന്‍സുകളൊഴിച്ച് ഹെൽപ്പ് ഡെസ്‌ക്കുകളില്‍ സജ്ജമാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടില്ലാത്ത കൂടുതല്‍ ആളുകള്‍ ജില്ലാ അതിര്‍ത്തി കടന്ന് വാഹനത്തില്‍ എത്തിച്ചേരാന്‍ സാധ്യതയുള്ളതിനാൽ തിങ്കളാഴ്‌ച മുതല്‍ ആദ്യത്തെ നാല് ദിവസങ്ങളില്‍ അതിര്‍ത്തിയിലൊരുക്കിയിട്ടുളള സംവിധാനങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.