കേരളം

kerala

ETV Bharat / state

കവ്വായി കായലിൽ കർഷകരുടെ കണ്ണുനീർ; 250 ൽ നിന്ന് 90 ലേക്ക് കൂപ്പ് കുത്തി കല്ലുമ്മക്കായ, സംഭരണത്തിനും സംവിധാനമില്ല - കവ്വായിയിലെ കല്ലുമ്മക്കായ

വിലയിടിവിനൊപ്പം സംഭരണത്തിന് സംവിധാനം ഇല്ലാത്തതും കവ്വായിയിലെ കല്ലുമ്മക്കായ കര്‍ഷകരെ പ്രതിസന്ധിയിലാക്കി. ഇടനിലക്കാരുടെ ചൂഷണവും കര്‍ഷകര്‍ക്ക് വിലങ്ങുതടിയാകുകയാണ്.

Kavvayi lake  Blue mussel farming in Kavvayi lake  Blue mussel farming  Blue mussel farming Kerala  mussel farming in Kavvayi lake  കവ്വായി കായലിൽ കർഷകരുടെ കണ്ണുനീർ  കല്ലുമ്മക്കായ  കവ്വായിയിലെ കല്ലുമ്മക്കായ  കല്ലുമ്മക്കായ കൃഷി
കല്ലുമ്മക്കായ കര്‍ഷകര്‍ പ്രതിസന്ധിയില്‍

By

Published : May 17, 2023, 12:39 PM IST

കല്ലുമ്മക്കായ കര്‍ഷകര്‍ പ്രതിസന്ധിയില്‍

കാസർകോട്: സംഭരണത്തിന് സംവിധാനമില്ലാത്തതിനാൽ കാസർകോട്ടെ കല്ലുമ്മക്കായ കർഷകർ കടുത്ത പ്രതിസന്ധിയിൽ. വിപണിയിൽ കിലോയ്ക്ക് 250 രൂപ ലഭിച്ച കല്ലുമ്മക്കായക്ക് ഈ തവണ ലഭിക്കുന്നത് 90 രൂപ മാത്രമാണ്. കടം വാങ്ങി കൃഷി ഇറക്കിയവർ ഉൾപ്പടെ രണ്ടായിരത്തോളം കർഷകരാണ് ദുരിതത്തിലായത്.

ഇടനിലക്കാരുടെ ചൂഷണം മൂലമാണ് വില ഇടിവെന്ന് കർഷകർ പറയുന്നു. ഉത്‌പന്ന സംഭരണത്തിലും വിത്തു വിതരണത്തിലും ഇടനിലക്കാരുടെ കൊടിയ ചൂഷണവും ഈ കാര്‍ഷിക മേഖലയോട് സർക്കാർ കാട്ടുന്ന കടുത്ത അവഗണനയുമാണ് കായലിൽ കർഷകരുടെ കണ്ണീര്‍ വീഴ്ത്തുന്നത് എന്നാണ് കര്‍ഷകരുടെ ആക്ഷേപം. സംഭരണം നടത്തുന്നതിനും വിത്ത് വിതരണം നടത്തുന്നതിനും സർക്കാർ ഏജൻസികൾ ഉണ്ടായില്ലെങ്കിൽ വൈകാതെ കവ്വായി കായലിൽ നിന്ന് കല്ലുമ്മക്കായ കൃഷി രംഗമൊഴിയുന്ന സ്ഥിതിയുണ്ടാകും.

സംസ്ഥാനത്ത് തന്നെ ഏറ്റവും അധികം കല്ലുമ്മക്കായ ഉത്‌പാദിപ്പിക്കുന്ന സ്ഥലമാണ് കവ്വായി കായൽ. ഇവിടെയാണ് 20 ടണ്ണിൽ അധികം വിളവെടുക്കാതെ കല്ലുമ്മക്കായ കെട്ടി കിടക്കുന്നത്. വിളവെടുക്കാൻ ഇനിയും വൈകിയാൽ കായലിൽ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങൾ നേരിടും. മഴക്കാലം എത്തിയാൽ കല്ലുമ്മക്കായ നശിക്കും. ഇതോടെ ലക്ഷങ്ങൾ മുടക്കിയ കർഷകർ കടുത്ത പ്രതിസന്ധിയിലാകും.

Also Read:കവ്വായിയുടെ കണ്ണുനീര്‍ കാറ്റില്‍ പറന്നു; നൂറുമേനി കൊയ്‌ത് കല്ലുമ്മക്കായ കർഷകർ

ഇന്ത്യയിൽ കൃഷി ചെയ്‌തുണ്ടാക്കുന്നതിൽ 80 ശതമാനം കല്ലുമ്മക്കായ ഉത്‌പാദിപ്പിക്കുന്നത് കാസർകോട് ജില്ലയിലാണ്. ഇതിൽ തന്നെ വലിയപറമ്പ്, പടന്ന, ചെറുവത്തൂർ, തൃക്കരിപ്പൂർ എന്നീ പഞ്ചായത്തുകളിലാണ് പ്രധാനമായും കല്ലുമ്മക്കായ കൃഷി. രണ്ടായിരത്തിൽ പരം കർഷകർ ഈ കാര്‍ഷിക മേഖലയിലുണ്ട്. കല്ലുമ്മക്കായ കൃഷിയെ ആശ്രയിച്ചു കഴിയുന്നവർ ഇതിനെക്കാൾ ഇരട്ടിയുണ്ട്.

ജില്ലയിൽ ഈ വർഷം മാത്രം 1,767 പേർക്ക് കൃഷി നടത്തുന്നതിന് ഫിഷറീസ് വകുപ്പ് ലൈസൻസ് അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ഇതിന്‍റെ പകുതിയിൽ താഴെ ആളുകൾ മാത്രമാണ് ജില്ലയിൽ കല്ലുമ്മക്കായ കൃഷിയിലേക്ക് വന്നത്. വിലയില്ലാത്തത് മാത്രമല്ല കാലാവസ്ഥ വ്യതിയാനം മൂലമുള്ള അന്തരീക്ഷത്തിലെ ഉയർന്ന താപനിലയും ഊഷ്‌മാവും ഉപ്പിന്‍റെ സാന്ദ്രത കൂടിയതും പെർക്യുനസ് എന്ന പാരാസൈറ്റിന്‍റെ വ്യാപനവും നിമിത്തം വ്യാപകമായി കല്ലുമ്മക്കായ പിളർന്ന് നശിക്കുന്നതിലേക്ക് എത്തിയതായി കർഷകർ പറയുന്നു. ഈ സാഹചര്യത്തിൽ വിലയില്ലെങ്കിലും വിളവെടുക്കുക മാത്രമേ കർഷകർക്ക് നിവൃത്തിയുള്ളൂ.

ഇങ്ങനെ വ്യാപകമായി വിളവെടുപ്പ് നടക്കുമ്പോൾ ഉത്‌പന്നം എടുക്കാൻ ആളില്ലാത്തതും എടുക്കുന്നതിന് തുച്ഛമായ വില നൽകുന്നതുമാണ് പ്രധാന പ്രതിസന്ധി. ഇതിന് പരിഹാരം കാണണമെങ്കിൽ സർക്കാരിന് കീഴിൽ മത്സ്യഫെഡ് പോലുളള ഏതെങ്കിലും പൊതു സംവിധാനത്തിലൂടെ ന്യായ വില നൽകി കല്ലുമ്മക്കായ സംഭരിക്കുകയാണ് വേണ്ടത്. ഇത് ഉടൻ സാധിച്ചില്ലെങ്കിൽ മഴയിൽ വിള പൂർണമായും നശിക്കും. വിളവെടുക്കാതെ കല്ലുമ്മക്കായ പൊതു ജലാശയത്തിൽ തന്നെ അവശേഷിക്കുകയാണെങ്കിൽ മഴ വരുന്നതോടെ ഉപ്പിന്‍റെ അളവ് കുറഞ്ഞ് വെളളത്തിൽ ഇവ ചത്ത് നശിക്കുമെന്നും കര്‍ഷകര്‍ പറയുന്നു.

Also Read:മതിയായ വിലയില്ല; കവ്വായി കായലിലെ കല്ലുമ്മക്കായ കൃഷി പ്രതിസന്ധിയില്‍

ABOUT THE AUTHOR

...view details