മഞ്ചേശ്വരം കോഴക്കേസില്‍ പ്രതികരണവുമായി കെ സുരേന്ദ്രൻ കാസർകോട്: മഞ്ചേശ്വരം കോഴ കേസിൽ മുഖ്യമന്ത്രി രാഷ്‌ട്രീയ പകപോക്കൽ നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത് കള്ളക്കേസാണ് എന്നതിന് തെളിവാണ് പട്ടികജാതി പീഡന നിരോധന നിയമം ഉൾപ്പെടുത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. ആലുവക്കാരനായ സിപിഎം പ്രവർത്തകനാണ് ജാതീയമായി പട്ടികജാതി പീഡന നിരോധന നിയമം ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി കൊടുത്തതെന്ന് കെ സുരേന്ദ്രന്‍ കാസര്‍കോട് മാധ്യമങ്ങളോട് പറഞ്ഞു.
'സുന്ദര ഒരു സ്ഥലത്തും തന്നെ ജാതീയമായി അപമാനിച്ചുവെന്ന് പറയുന്നില്ല. സുന്ദരയ്ക്ക് പണം കൊടുത്തവരും ജോലി കൊടുത്തവരും ഇതിന് മറുപടി പറയേണ്ടി വരും. സുന്ദരയെ താൻ ഇതുവരെ വിളിക്കുകയോ കാണുകയോ ചെയ്‌തിട്ടില്ല'.
'സുന്ദരയുടെ പേരിൽ പരാതി കൊടുത്തത് സിപിഎം സ്ഥാനാർഥി രമേശനാണ്. സുന്ദര, സ്വമേധയ ബിജെപി ഓഫീസിലെത്തിയാണ് ബിജെപിക്ക് പിന്തുണ നൽകിയത്. ബിഎസ്‌പി നേതാവ് പരാതി കൊടുത്തപ്പോൾ പൊലീസ് സുന്ദരയെ വിളിപ്പിച്ചിരുന്നു. അപ്പോഴും സുന്ദര അത് തന്നെയാണ് ആവർത്തിച്ചതെന്നും കള്ളക്കേസിനെ ഭയന്ന് ഒളിവിൽ പോവുകയോ നെഞ്ച് വേദന അഭിനയിക്കുകയോ ചെയ്യുന്നവരല്ല ബിജെപിക്കാരെന്നും കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെ ആറുപേരെ പ്രതിചേർത്താണ് ജില്ല സെഷൻസ് കോടതിയിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. കെ. സുരേന്ദ്രനാണ് ഒന്നാം പ്രതി.
പ്രതികൾക്കെതിരെ പട്ടിക ജാതി പട്ടിക വർഗ അതിക്രമം തടയൽ, തെളിവ് നശിപ്പിക്കൽ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബിഎസ്‌പി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരയ്ക്ക് നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനായി രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും കോഴയായി നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്നാണ് കേസ്.