കാസർകോട്:പഞ്ചായത്തുകളിലെ ഭരണസാരഥികളെ തെരഞ്ഞെടുക്കാനിരിക്കെ ഇടത് വലതുമുന്നണികള്‍ക്ക് മുന്നറിയിപ്പുമായി ബിജെപി. തെരഞ്ഞെടുപ്പിന് മുമ്പായി മുന്നണികള്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ബിജെപിയും നിലപാടെടുക്കുന്നത്. ബിജെപിക്ക് ഭൂരിപക്ഷമുള്ള സ്ഥലങ്ങളില്‍ ഇടത് വലത് മുന്നണികള്‍ കൈ കോര്‍ത്താല്‍ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികള്‍ക്കും നഷ്ടങ്ങള്‍ സംഭവിക്കുമെന്നാണ് ബിജെപി നേതൃത്വം സൂചിപ്പിക്കുന്നത്.
കാസർകോട് പുതിയ കരുനീക്കങ്ങളുമായി ബിജെപി - കോസർകോട് പുതിയ രാഷ്ട്രീയ വാർത്തകൾ
മുന്നണികള്‍ തമ്മില്‍ ധാരണകളുണ്ടായാല്‍ ജില്ലയുടെ നിലവിലെ തെരഞ്ഞെടുപ്പ് ചിത്രത്തിലും മാറ്റങ്ങള്‍ സംഭവിക്കാം
ജില്ലയിലെ 38 പഞ്ചായത്തുകളില്‍ 15 ഇടത്ത് എല്‍ഡിഎഫും, 13 പഞ്ചായത്തുകളില്‍ യുഡിഎഫും, രണ്ടിടങ്ങളില്‍ ബിജെപിയും ഒരു പഞ്ചായത്തില്‍ ഡിഡിഎഫും ഭരണസാരഥ്യമുറപ്പിക്കുമ്പോള്‍ ബാക്കിയുള്ള ഏഴ് പഞ്ചായത്തുകളിലെ രാഷ്ട്രീയ നീക്കങ്ങളാണ് മുന്നണികള്‍ ശ്രദ്ധയോടെ വീക്ഷിക്കുന്നത്. മീഞ്ച, പൈവളിഗെ, കാറഡുക്ക പഞ്ചായത്തുകളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമ്പോഴും ബിജെപിക്ക് കേവല ഭൂരിപക്ഷമില്ല. ഇവിടങ്ങളില്‍ എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും തീരുമാനങ്ങളാണ് നിര്‍ണായകം. ബിജെപി അധികാരത്തില്‍ വരുന്നത് തടയാന്‍ ഇരുമുന്നണികളും യോജിക്കാനുള്ള സാധ്യത മുന്‍ അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ നേതൃത്വം തള്ളിക്കളയുന്നില്ല. അങ്ങനെ വന്നാല്‍ ജില്ലാ പഞ്ചായത്തിലടക്കം തങ്ങളുടെ പ്രതിനിധികള്‍ നിലപാടെടുക്കും എന്നാണ് ബിജെപി നേതൃത്വം പറയുന്നത്.
കുംബഡാജെ, വോര്‍ക്കാടി, ബദിയടുക്ക, മുളിയാര്‍ എന്നിവടങ്ങളില്‍ ഒരു മുന്നണിയും ഏറ്റവും വലിയ ഒറ്റക്കക്ഷിയല്ല. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത കുംബഡാജെയിലും ബദിയടുക്കയിലും ഇടത് സ്വതന്ത്രന്‍റെയും വോര്‍ക്കാടിയില്‍ യുഡിഎഫിന്‍റെയും മുളിയാറില്‍ ബിജെപി അംഗങ്ങളുടെയും നിലപാട് നിര്‍ണായകമാണ്. ഇവര്‍ മാറി നിന്നാല്‍ നറുക്കെടുപ്പിലൂടെ പ്രസിഡന്‍റുമാരെ തെരഞ്ഞെടുക്കേണ്ടി വരും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുളിയാറില്‍ നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് ഭരണത്തിലെത്തിയത്. 2015ല്‍ ബിജെപി അഞ്ചിടങ്ങളില്‍ ഒറ്റക്കക്ഷിയായിരുന്നുവെങ്കിലും രണ്ടിടത്ത് മാത്രമാണ് ഭരിക്കാനായത്. മുന്നണികള്‍ തമ്മില്‍ ധാരണകളുണ്ടായാല്‍ ജില്ലയുടെ നിലവിലെ തെരഞ്ഞെടുപ്പ് ചിത്രത്തിലും മാറ്റങ്ങള്‍ സംഭവിക്കാം. അത് കൊണ്ടുതന്നെ കാസര്‍കോട് പ്രധാന മുന്നണികളുടെ രാഷ്ട്രീയ സമവാക്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.