കാസര്‍കോട്: നഷ്ടങ്ങളിലേക്ക് കൂപ്പുകുത്തി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെല്ലിന്‍റെ കാസര്‍കോട് യൂണിറ്റ്. നിലവില്‍ ഇരുപത് കോടി രൂപ നഷ്ടത്തിലാണ് സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനം. ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കേരള ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് ലിമിറ്റഡ് എട്ട് വര്‍ഷം മുന്‍പാണ് മഹാരത്‌ന കമ്പനിയായ ഭെല്ലില്‍ ലയിപ്പിച്ചത്. കാസര്‍കോട് ബെദ്രടുക്കയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുണ്ടായിരുന്ന കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനിയറിങ് ലിമിറ്റഡ് എന്ന സ്ഥാപനം മഹാരത്‌ന കമ്പനിയായ ഭെല്ലില്‍ ലയിക്കുന്നത് 2011 മാര്‍ച്ചിലാണ്. റെയില്‍വേക്കുള്ള ഇലക്ട്രോണിക് ആള്‍ട്ടര്‍നേറ്ററുകള്‍ നിര്‍മ്മിച്ചു നല്‍കിയ സ്ഥാപനത്തില്‍ പിന്നീട് ഉല്‍പാദനം കുറഞ്ഞു. 2010 വരെ ലാഭത്തിലായിരുന്ന സ്ഥാപനം ഭെല്ലിലെ ലയനത്തിന് ശേഷം എട്ട് വര്‍ഷം കൊണ്ട് ഇരുപത് കോടിയുടെ നഷ്ടത്തിലേക്ക് കൂപ്പു കുത്തി. ഇതിനിടയിലാണ് വീണ്ടും സംസ്ഥാനസര്‍ക്കാര്‍ ഭെല്ലിനെ ഏറ്റെടുക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ഇത് സംബന്ധിച്ച തീരുമാനം തത്വത്തില്‍ എടുത്തെങ്കിലും തുടര്‍നടപടികള്‍ ഉണ്ടാകാത്തതില്‍ തൊഴിലാളികള്‍ ആശങ്കയിലാണ്.
നഷ്ടത്തില്‍ കൂപ്പുകുത്തി കാസര്‍കോട് ഭെല്‍; ആശങ്ക ഒഴിയാതെ തൊഴിലാളികള്‍ - തൊഴിലാളികള്‍
ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കേരള ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് ലിമിറ്റഡ് എട്ട് വര്‍ഷം മുന്‍പാണ് മഹാരത്‌ന കമ്പനിയായ ഭെല്ലില്‍ ലയിപ്പിച്ചത്
സ്ഥാപനം നഷ്ടത്തിലായതോടെ കഴിഞ്ഞ ആറ് മാസമായി തൊഴിലാളികള്‍ക്ക് ശമ്പളവും ലഭിക്കുന്നില്ല. ഭെല്ലിന്‍റെ മറ്റിടങ്ങളിലേതിന് സമാനമായ വേതനവ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ മാനേജ്‌മെന്‍റ് ഇതുവരെയും തയ്യാറായിട്ടുമില്ല. സ്ഥാപനത്തില്‍ നിന്നും പിരിഞ്ഞ് പോകുന്ന ജീവനക്കാര്‍ക്കുള്ള ആനുകൂല്യവും ഇപ്പോള്‍ വിതരണം ചെയ്യുന്നില്ല. നിലവില്‍ റെയില്‍വേയുടെ 33 കോടി രൂപയുടെ ഓര്‍ഡറുകള്‍ കെട്ടിക്കിടക്കുകയാണ്. സ്ഥാപനം കേരള സര്‍ക്കാരിന് കീഴില്‍ വന്നാല്‍ വിവിധ ഏജന്‍സികളുടെ ധനസഹായത്താല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം നടത്താന്‍ സാധിക്കുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്.