കാസർകോട്:ഡോളോ ഗുളികയിൽ ഇന്ത്യൻ ഭൂപടം വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടിയിരിക്കുകയാണ് നീലേശ്വരം സ്വദേശിയായ ഭവ്യ. പത്ത് മിനിട്ടിനുള്ളിലാണ് ഡോളോ ഗുളികയിൽ ഒന്നര സെൻ്റീമീറ്റർ വലിപ്പത്തിലുള്ള ഇന്ത്യയുടെ ഭൂപടം വരച്ചത്. ഇതിനുപുറമേ ബോട്ടിൽ ആർട്ട്, ഭരതനാട്യം, കേക്ക് നിർമാണം തുടങ്ങിയ നിരവധി മേഖലകളിലും പതിനാലുകാരിയായ ഭവ്യ കഴിവ് തെളിയിച്ചിട്ടുണ്ട്.
കക്കാട്ട് ജി.എച്ച്.എസ്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് ഭവ്യ. ലോക്ക്‌ഡൗൺ കാലത്തെ വിരസത മാറ്റാൻ ബോട്ടിൽ ആർട്ട് ചെയ്‌തു തുടങ്ങിയതായിരുന്നു. ഇതിനകം 65ഓളം ബോട്ടിൽ ആർട്ടുകൾ തീർത്ത ഭവ്യ, മോഹൻലാൽ, മമ്മൂട്ടി, സച്ചിൻ ടെൻഡുൽക്കർ തുടങ്ങി പ്രമുഖരുടെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്നു കൊണ്ട് ബോട്ടിൽ വിസ്‌മയം തീർത്തിരുന്നു.