കാസര്‍കോട്: അന്ധത പലര്‍ക്കും കടുത്ത വെല്ലുവിളിയാണ്. എന്നാല്‍ കാഴ്‌ച പരിമിതിയെ അതിജീവിച്ച് യൂട്യൂബ് ചാനല്‍ വഴി സമൂഹമാധ്യമങ്ങളില്‍ താരമാകുകയാണ് രാവണീശ്വരത്തെ ആശ ടീച്ചര്‍. യാത്രാ വിവരണവും, പാചകവും പാട്ടുകളുമെല്ലാമായി യൂ ട്യൂബര്‍ എന്ന നിലയില്‍ കൂടി ഇതിനകം പേരെടുത്തു കഴിഞ്ഞു ഹയര്‍സെക്കന്‍ഡറി അധ്യാപികയായ സി ആശാലത.
കാഴ്‌ച പരിമിതിയെ അതിജീവിച്ച് യൂട്യൂബ് ചാനലില്‍ സജീവമായി ആശ ടീച്ചര്‍ - kasargod
രാവണീശ്വരത്തെ ഹയര്‍സെക്കന്‍ഡറി അധ്യാപികയായ സി ആശാലതയാണ് അന്ധതയുടെ വെല്ലുവിളികളെ മറികടന്ന് തന്‍റെ യൂട്യൂബ് ചാനലില്‍ സജീവമായിരിക്കുന്നത്.

അന്ധരായ ആളുകള്‍ക്കും മറ്റുള്ളവരെ പോലെ യാത്രകളും അടുക്കള കാര്യങ്ങളുമെല്ലാം ഇതുപോലെ ചെയ്യാന്‍ സാധിക്കുമോ എന്ന ചോദ്യങ്ങള്‍ക്കുത്തരമാണ് ആശ ടീച്ചറുടെ വിഭാസന എന്ന യൂട്യൂബ് ചാനല്‍. ഇതിനകം നടത്തിയ യാത്രകളും പാചകകലയും വായനാനുഭവവുമെല്ലാം സ്വന്തം ചാനല്‍ വഴി ടീച്ചര്‍ പുറം ലോകത്തെ പരിചയപ്പെടുത്തുമ്പോള്‍ അത്ഭുതപ്പെടുന്നവര്‍ ഏറെയാണ്.
തന്‍റെ കാഴ്‌ചാ പരിമിതിയെ പുഞ്ചിരിയോടെ മറികടന്ന് മറ്റുള്ളവര്‍ക്ക് പ്രചോദനമാവുകയാണിവര്‍. പാചകത്തെക്കുറിച്ചും ദൈനംദിന പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിവരിക്കുന്ന ടീച്ചര്‍ യൂട്യൂബിലൂടെ കാസര്‍കോടിന്‍റെ അടയാളമായ ബേക്കല്‍ കോട്ടയിലേക്കുള്ള യാത്രയിലൂടെ കോട്ടയുടെ ചരിത്രവും ഭൂമിശാസ്ത്രപരമായ സവിശേഷതകളുമെല്ലാം മികച്ച രീതിയില്‍ പ്രതിപാദിക്കുന്നുണ്ട്. ഭര്‍ത്താവ് ശ്രീധരനുണ്ണിയുടെയും മക്കളായ നന്ദ കിഷോര്‍, അര്‍ജുന്‍ കിഷോര്‍, അമല്‍ കിഷോര്‍ എന്നിവരുടെയും പൂര്‍ണ പിന്തുണയും ആശടീച്ചറുടെ യൂട്യൂബ് ചാനലിന് പിന്‍ബലമേകുന്നു.