കാസർകോട്:സാമ്പത്തിക ഇടപാടിനെ ചൊല്ലി റിയല്‍ എസ്റ്റേറ്റ് വ്യാപാരിയെ കാറില്‍ തട്ടികൊണ്ടു പോയി വധിക്കാന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍. കാസര്‍കോട് ചെങ്കള നാലാം മൈല്‍ സ്വദേശി ഷെരീഫ്(38), അബ്‌ദുള്‍ ഹക്കീം (39), ചട്ടഞ്ചാല്‍ സ്വദേശി ജമാലുദ്ദീന്‍ (38) എന്നിവരെയാണ് ബദിയടുക്ക എസ് ഐ കെ.പി വിനോദ് കുമാറിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്.
ഇന്നലെ വൈകീട്ട് ബദിയടുക്ക ടൗണില്‍ വച്ചാണ് ഗോളിയടുക്ക സ്വദേശിയായ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ മൊയ്തീന്‍ കുഞ്ഞിയെ (45) കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. ചട്ടഞ്ചാല്‍ സ്വദേശിയായ നിസാമുദ്ദീനാണ് സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയത്.
ഇയാളുടെ അളിയനായ ഹംസക്ക് റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട് നല്‍കാനുള്ള 80 ലക്ഷം രൂപ മൊയ്‌തീന്‍ കുഞ്ഞി നല്‍കാത്തതിലുള്ള കുടിപ്പകയാണ് തട്ടികൊണ്ടു പോകലിനും അക്രമത്തിലും കലാശിച്ചത്.
ബദിയടുക്ക ടൗണില്‍ പട്രോളിംഗ് നടത്തുന്നതിനിടെ വിവരമറിഞ്ഞ എസ് ഐയും സംഘവും കാറിനെ പിന്തുടര്‍ന്ന് സാഹസികമായാണ് ഇവരെ പിടികൂടിയത്. കാറില്‍ വച്ച് കത്തികൊണ്ട് കാലിന് കുത്തുകയും വിരൽ മുറിച്ചു മാറ്റാനുള്ള ശ്രമവും നടന്നിട്ടുണ്ട്.
നെഞ്ചിനും പരിക്കേറ്റ മൊയ്‌തീൻ കുഞ്ഞിയെ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. അക്രമികളെയും തട്ടികൊണ്ടു പോകാന്‍ ഉപയോഗിച്ച കാറും പൊലീസ് പിടികൂടി. വധശ്രമത്തിനും തട്ടികൊണ്ടു പോകലിനുമാണ് പ്രതികൾക്കെതിരെ കേസെടുത്തത്.