കാസർകോട്:എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയിലുള്ളവരെ വീണ്ടും പരിശോധിക്കണമെന്ന ആവശ്യത്തിൽ പ്രതിഷേധം ശക്തമാകുന്നു. പ്രത്യേക മെഡിക്കല്‍ ക്യാമ്പിലൂടെ വിദഗ്‌ധ ഡോക്‌ടര്‍മാര്‍ കണ്ടെത്തിയ ദുരിതബാധിതരെ അവഹേളിക്കാനാണ് ശ്രമമെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി. ജില്ലാ കലക്‌ടര്‍ സാമൂഹിക നീതി വകുപ്പിന് നല്‍കിയ റിപ്പോര്‍ട്ട് തള്ളണമെന്ന ആവശ്യവും ശക്തമാണ്. വിവിധ കാലങ്ങളിലായി നടത്തിയ മെഡിക്കല്‍ ക്യാമ്പിലൂടെ ദുരിതബാധിത പട്ടികയില്‍ ഉള്‍പ്പെടുത്തിയ 6727പേരെ അവഹേളിക്കുന്നതിനുള്ള നീക്കമാണ് ജില്ലാ ഭരണകൂടത്തിന്‍റേതെന്നാണ് വിമര്‍ശനം.
ദുരിതബാധിത പട്ടികയിലുള്ളവരെ അവഹേളിക്കാൻ ശ്രമം: എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി - കാസർകോട്
പട്ടികയിൽ അനര്‍ഹര്‍ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ആരോഗ്യ പ്രശ്‌നം അനുഭവിക്കുന്ന ഇരകള്‍ എങ്ങനെ കാരണക്കാരാകും എന്ന ചോദ്യമാണ് സമരമുഖത്തുള്ളവര്‍ ഉന്നയിക്കുന്നത്.
അതേസമയം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയില്‍ നിന്നും അനര്‍ഹര്‍ ആനുകൂല്യം പറ്റുന്നുണ്ടെന്നും വിദേശത്ത് ജോലി ചെയ്യുന്നവരടക്കമുള്ളവർ ദുരിതബാധിത പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ടെന്നും കാസര്‍കോട് ജില്ലാ കലക്‌ടര്‍ ഡോ. ഡി.സജിത് ബാബു പറഞ്ഞു. അതിനാല്‍ നിലവിലെ പട്ടികയിലുള്ളവരെ പുനഃപരിശോധിക്കണമെന്ന നിര്‍ദേശം മുന്നോട്ട് വയ്‌ക്കുന്നുണ്ട്.
വിദഗ്‌ധ ഡോക്‌ടര്‍മാരുൾപ്പെട്ട സംഘമാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തിയത്. അതില്‍ അനര്‍ഹര്‍ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ആരോഗ്യ പ്രശ്‌നം അനുഭവിക്കുന്ന ഇരകള്‍ എങ്ങനെ കാരണക്കാരാകും എന്ന മറു ചോദ്യമാണ് സമരമുഖത്തുള്ളവര്‍ ഉന്നയിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതികളെ അട്ടിമറിക്കാനുള്ള ഗൂഢ നീക്കങ്ങളുടെ ഭാഗമാണിതെന്ന് ജനകീയ മുന്നണി ആരോപിക്കുന്നു. ദുരിതബാധിതരായവരുടെ രോഗങ്ങള്‍ ചികിത്സിച്ച് ഭേദപ്പെടുത്തുന്നത് കുറ്റകരമാണോയെന്ന ചോദ്യത്തിന് ജില്ലാ കലക്‌ടര്‍ മറുപടി പറയണമെന്നും പീഡിത ജനകീയ മുന്നണി ആവശ്യപ്പെട്ടു.