കാസര്‍കോട്: ജില്ലയിൽ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കാൻ തീരുമാനം. ജില്ലയിലെ എല്ലാ ബൂത്തുകളിലും കാമറകൾ സ്ഥാപിക്കും. 100 ശതമാനം ബൂത്തുകളിലും വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കിയതായി ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ല കലക്ടര്‍ ഡോ.ഡി.സജിത് ബാബു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തെ അറിയിച്ചു. വെബ്കാസ്റ്റിങിന് സാങ്കേതിക തടസമുള്ള ബൂത്തുകളില്‍ സി.സി.ടി.വി കാമറകൾ ഉപയോഗിച്ച് റെക്കോര്‍ഡ് ചെയ്യും. ജില്ലയില്‍ 524 പ്രദേശങ്ങളിലായി 1591 പോളിങ് ബൂത്തുകളാണ് ഇത്തവണയുള്ളത്. ജില്ലയില്‍ മൂന്ന് പൊതുനിരീക്ഷകര്‍, രണ്ട് തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകര്‍, ഒരു പൊലീസ് നിരീക്ഷകര്‍ എന്നിവരെയാണ് കമ്മിഷന്‍ നിയോഗിച്ചിട്ടുള്ളതെന്നും കലക്ടര്‍ അറിയിച്ചു.
നിയമസഭ തെരഞ്ഞെടുപ്പ്; എല്ലാ ബൂത്തുകളിലും കാമറകൾ സ്ഥാപിക്കും
വെബ്കാസ്റ്റിങിന് സാങ്കേതിക തടസമുള്ള ബൂത്തുകളില്‍ സി.സി.ടി.വി കാമറകൾ ഉപയോഗിച്ച് റെക്കോര്‍ഡ് ചെയ്യും.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ആദ്യവട്ട റാന്‍ഡമൈസേഷന്‍ മാര്‍ച്ച് 12ന് വൈകീട്ട് നാലിന് സിവില്‍ സ്റ്റേഷനിലെ ഇ.വി.എം-വിവിപാറ്റ് ഗോഡൗണില്‍ നടക്കും. ഇവിടെ വെച്ച് ഇ.വി.എം വാഹനങ്ങളില്‍ കയറ്റി സ്ട്രോങ് റൂമുകളില്‍ എത്തിക്കും. പോളിങ് ഉദ്യോഗസ്ഥരുടെ രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ മാര്‍ച്ച് 22ന് നടക്കും. ആബ്‌സെന്‍റീസ് വോട്ടര്‍മാര്‍ക്കുള്ള 12 ഡി ഫോം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴി കൈമാറും. കൈപ്പറ്റി അഞ്ച് ദിവസത്തിനകം ഫോം തിരിച്ചേല്‍പ്പിക്കണം. മാര്‍ച്ച് 23ന് കാന്‍ഡിഡേറ്റ് സെറ്റിങ് കഴിഞ്ഞാല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ഈ വോട്ടര്‍മാര്‍ക്ക് എത്തിക്കും. പോസ്റ്റല്‍ വോട്ട് ചെയ്യിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ദൂരെ നിന്ന് വീക്ഷിക്കാന്‍ അവസരം നല്‍കും. 80 വയസ് കഴിഞ്ഞവര്‍, ഭിന്ന ശേഷിക്കാര്‍, കൊവിഡ് രോഗികള്‍ എന്നിവര്‍ക്ക് പുറമെ അവശ്യ സര്‍വീസില്‍ ഉള്‍പ്പെട്ടവര്‍ക്കും പോസ്റ്റല്‍ ബാലറ്റുകള്‍ അനുവദിക്കുന്നതാണ്.