കാസർകോട്: തുളുനാട്ടങ്കമാണ് മഞ്ചേശ്വരത്തുകാര്‍ക്ക് ഓരോ തെരഞ്ഞെടുപ്പും. ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങളേറെയുള്ള മണ്ണ്. അതില്‍ തന്നെയുള്ള ഉപഭാഷകള്‍. ഇവിടെ വോട്ട് പിടിക്കണമെങ്കില്‍ രാഷ്ട്രീയം മാത്രം പറഞ്ഞാല്‍ പോരെന്ന് ചുരുക്കം. അവരുടെ ഭാഷകളില്‍ കൂടി ആശയപ്രചാരണം നടത്തുകയേ സ്ഥാനാര്‍ഥികള്‍ക്ക് നിവൃത്തിയുള്ളൂ.
തുളുനാട്ടിലെ സഭായുദ്ധം; അരയും തലയും മുറുക്കി യുഡിഎഫ് സ്ഥാനാർഥി എല്ലാ തെരഞ്ഞെടുപ്പുകളിലും ത്രികോണപ്പോരിലാണ് മഞ്ചേശ്വരം വിധിയെഴുതുക. നല്ലൊരു ശതമാനവും രാഷ്ട്രീയ വോട്ടുകളാണെങ്കിലും ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്കപ്പുറം ഇവിടുത്തുകാരുടെ വികാരമാണ് ഭാഷ. മലയാളത്തില്‍ തുടങ്ങി, കന്നഡ, തുളു, കൊങ്കിണി, മറാഠി, ബ്യാരി തുടങ്ങിയവക്കൊപ്പം നക്‌നിക് ഉള്‍പ്പെടെ സംസാര ഭാഷകള്‍ വേറെയും. ഈ മണ്ഡലത്തിന് പുറത്തു നിന്നെത്തുന്നവര്‍ ഭാഷയുടെ കാര്യത്തില്‍ അല്പം വിയര്‍ക്കുമെന്ന് പറയുമ്പോഴും സ്ഥാനാര്‍ഥികള്‍ ഭാഷ പഠിച്ചെടുക്കാറുമുണ്ട്. ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ഥി എ.കെ.എം അഷ്‌റഫിന്‍റെ ഗുണം പ്രാദേശികമായ ഭാഷകള്‍ അറിയാമെന്നതാണ്. കന്നഡയിലും തുളുവിലും ഹിന്ദിയിലും ഉറുദുവിലും ബ്യാരിയിലുമെല്ലാമാണ് ഈ സ്ഥാനാര്‍ഥിയുടെ വോട്ടഭ്യര്‍ഥന. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലായി മഞ്ചേശ്വരവുമായി ബന്ധപ്പെടുന്ന കെ സുരേന്ദ്രൻ കന്നഡയും തുളുവും പഠിച്ചിട്ടുണ്ട്. അത്യാവശ്യം വേണ്ടയിടങ്ങളില്‍ അത് പയറ്റുന്നുമുണ്ട്. വിവി രമേശനും തീപ്പൊരി പ്രസംഗങ്ങള്‍ക്കിടയില്‍ അല്‍പ സ്വല്‍പ്പം കന്നഡ വാക്കുകള്‍ പറയാറുണ്ട്. എന്തായാലും ഏത് തെരഞ്ഞെടുപ്പാണെങ്കിലും തുളുനാട്ടിലെ പോരിനിറങ്ങുന്നവര്‍ ഒന്നു കരുതിയിരിക്കണം. ഭാഷയെ മറന്ന് പോകുകയേ വേണ്ട.