കാസർകോട്: ജില്ലയിലെ പ്രധാന കാര്‍ഷിക വിളയായ അടയ്ക്ക കൃഷി മുഖ്യവരുമാന മാര്‍ഗമാക്കിയ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഇനിയുമകലെയാണ്. ഏറെക്കാലത്തിന് ശേഷം മികച്ച വില ലഭിക്കുമ്പോഴും അടയ്ക്ക ഉത്‌പാദനം നാലിലൊന്നായി കുറയുകയാണ്. പത്ത് വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച പാക്കേജ് പോലും നടപ്പാക്കാൻ മാറിമാറി വന്ന സർക്കാരുകൾ തയ്യാറായിട്ടില്ല.
തുടര്‍ച്ചയായി വിലയിടിവ് നേരിട്ട കാലത്ത് നിന്നും സാഹചര്യം മാറിയിട്ടും നഷ്‌ടമില്ലാതെ പിടിച്ചുനില്‍ക്കാനുള്ള തത്രപ്പാടിലാണ് അടയ്ക്ക കര്‍ഷകര്‍. ഓരോ വര്‍ഷവും കൃഷിയിടങ്ങളുടെ വിസ്‌തൃതി വര്‍ധിക്കുന്നുവെങ്കിലും അതിനനുസരിച്ച ഉത്‌പാദനമുണ്ടായിട്ടില്ല. പ്രതിവര്‍ഷം ശരാശരി 48000 ടണ്‍ അടയ്ക്കയാണ് കാസര്‍കോട് ജില്ലയില്‍ നിന്നു മാത്രം സംഭരണ കേന്ദ്രങ്ങളിലെത്തുന്നത്. സംസ്ഥാന ശരാശരിയുടെ 30 ശതമാനത്തോളം വരുമിത്. കൃഷി ഭൂമിയുടെ വിസ്‌തൃതി കണക്കാക്കിയാല്‍ ഇത് നന്നേ കുറവാണ്. കാലാവസ്ഥ, മണ്ണിന്‍റെ ഘടന, വിദഗ്‌ധ തൊഴിലാളികളുടെ കുറവ് തുടങ്ങിയവ ഉത്‌പാദനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
പ്രഖ്യാപനങ്ങള്‍ പാഴ്‌വാക്കാവുമോ? പ്രതീക്ഷയോടെ അടയ്ക്ക കര്‍ഷകര്‍ 2017-18 വര്‍ഷത്തില്‍ 20192 ഹെക്‌ടര്‍ സ്ഥലത്ത് കവുങ്ങ് കൃഷിയുണ്ടായിരുന്നുവെന്നാണ് ഔദ്യോഗിക കണക്ക്. 2018-19ൽ 20764 ഹെക്ടറും, 2019-20ല്‍ 22214 ഹെക്ടറിലും അടയ്ക്ക കൃഷി വ്യാപിച്ചു. വിലക്കുറവും സാമ്പത്തിക നഷ്ടവും കണക്കാക്കി അടയ്ക്ക ഉപേക്ഷിച്ച് ഇതര കൃഷിയിലേക്ക് നീങ്ങിയവരുള്‍പ്പെടെ അടയ്ക്ക കൃഷിയിലേക്ക് തിരികെ വന്നുവെന്നതിന്‍റെ സൂചനയാണ് ഭൂവിസ്തൃതി വിവരം. കൃഷി ചെയ്യുന്ന ഭൂമിയുടെ അളവ് വര്‍ധിച്ചെങ്കിലും കാലം തെറ്റിയുള്ള മഴയടക്കം വിളവിനെ ബാധിക്കുന്നുണ്ട്.
രോഗബാധകളും അടയ്ക്ക കൃഷിക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. മുളപൊട്ടിയ കുലകള്‍ മുഴുവനായും കീടങ്ങളുടെ ആക്രമണത്തില്‍ കരിഞ്ഞു പോകുകയാണ്. ബോര്‍ഡോ മിശ്രിതം തളിക്കുമെങ്കിലും അവയൊന്നും ഫലപ്രദമല്ലെന്ന് പറയുന്നു കാറഡുക്കയിലെ കര്‍ഷകനായ ചന്ദ്രന്‍. കൃത്യമായ ജലസേചനവും വളമിടീലും കൊണ്ട് കാര്യമുണ്ടാവുന്നില്ലെന്നതാണ് ചന്ദ്രന്‍റെ അനുഭവ സാക്ഷ്യം. മണ്ട ചീയല്‍, വേരുചീയല്‍, മഞ്ഞളിപ്പ്, മഹാളി തുടങ്ങിയ രോഗങ്ങള്‍ പ്രധാന വെല്ലുവിളിയാണ്. അടയ്ക്ക കൃഷിക്ക് മണ്ണിന്‍റെ ഗുണമേന്‍മയും ഒഴിച്ചു കൂടാനാവാത്ത ഘടകമാണ്. നിശ്ചിത പി.എച്ച് മൂല്യത്തില്‍ നിന്നും വ്യതിയാനം വന്നാല്‍ അത് വിളകളില്‍ പ്രതിഫലിക്കുമെന്നിരിക്കെ കര്‍ഷകര്‍ക്ക് ഗുണകരമായ പദ്ധതികള്‍ ഉണ്ടാകുന്നില്ലെന്ന വിമര്‍ശനവും കര്‍ഷകര്‍ക്കുണ്ട്.
കൃഷി ലാഭകരമല്ലാതിരിക്കുമ്പോഴും ഇടനിലക്കാരില്‍ വീഴാതെ മാന്യമായ വില നല്‍കി കര്‍ഷകരെ പിടിച്ചു നിര്‍ത്തുന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണ സ്ഥാപനമായ കാംപ്‌കോയിലും സംഭരണത്തില്‍ നേരിയ ഇടിവ് പ്രകടമാണ്. വിലക്കുറവ് കണ്ട് പൊളിച്ചെടുത്ത അടയ്ക്കകള്‍ വീടുകളില്‍ സംഭരിക്കുന്ന പതിവും കര്‍ഷകര്‍ക്കിടയിലുണ്ട്. അടയ്ക്ക വിറ്റഴിക്കുന്ന പ്രധാന കേന്ദ്രമായ ഗുജറാത്തില്‍ കാസര്‍കോട് ജില്ലയിലെ ബദിയടുക്ക, നീര്‍ച്ചാല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും സംഭരിക്കുന്ന അടക്കക്കാണ് ഡിമാന്‍റ് കൂടുതല്‍. അതിനാല്‍ കാംപ്‌കോ മികച്ച വില നല്‍കിയാണ് ഈ പ്രദേശങ്ങളില്‍ നിന്നും അടയ്ക്ക സംഭരിക്കുന്നത്.
ഓരോ വര്‍ഷവും വിള നാശമുണ്ടാകുമ്പോള്‍ അടുത്ത വിളവില്‍ നഷ്ടം നികത്താമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍ മുന്നോട്ട് പോകുന്നത്. ജില്ലയുടെ പ്രധാന കാര്‍ഷിക മേഖല എന്ന നിലയില്‍ അടയ്ക്ക കര്‍ഷകര്‍ക്ക് പ്രത്യേക പരിഗണന വേണമെന്ന ആവശ്യം കര്‍ഷക സംഘടനകളും ഉന്നയിക്കുന്നുണ്ട്. പുതിയ സംസ്ഥാന ബജറ്റിലും ഈ മേഖലക്ക് തുക നീക്കി വെച്ചത് പ്രതീക്ഷ പകരുന്നുണ്ട്. കഴിഞ്ഞ ഇടത് സര്‍ക്കാരിന്‍റെ കാലത്ത് പ്രഖ്യാപിച്ച പത്ത് കോടി രൂപയുടെ പാക്കേജ് പത്തു കൊല്ലമായിട്ടും നടപ്പിലാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ പുതിയ പ്രഖ്യാപനങ്ങൾ നടപ്പാകുമോ എന്ന ആശങ്കയും കർഷകർക്കുണ്ട്.