കാസർകോട്: കടുത്ത പ്രതിസന്ധിയിലാണ് കാസർകോട്ടെ കവുങ്ങ് കർഷകർ. മതിയായ ജലസേചനം നടത്താനാവാത്തതും വിളവ് കുറഞ്ഞതുമാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. പ്രശ്‌ന പരിഹാരത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി പദ്ധതി നടപ്പാക്കണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം.
കാലവർഷം ചതിച്ചു: കാസർകോട്ടെ കവുങ്ങ് കർഷകർ പ്രതിസന്ധിയിൽ
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കമുക് കൃഷിയുള്ള കാസർകോട് ജില്ലയിൽ മാത്രം 1500 കോടിയുടെ നഷ്‌ടമുണ്ടായതായാണ് പ്രാഥമിക നിഗമനം
കഴിഞ്ഞ കാലവർഷത്തിലുണ്ടായ കനത്ത മഴയും തുടർന്നുണ്ടായ വരൾച്ചയുമാണ് കർഷിക മേഖലയെ പ്രതികൂലമായി ബാധിച്ചത്. കാലാവസ്ഥ ചതിച്ചതോടെ അത് വിളവിലും പ്രതിഫലിച്ചു. കൃത്യമായ ജലസേചനം നടത്താനാവാത്തതാണ് കമുക് കർഷകർ നേരിടുന്ന പ്രധാന പ്രതിസന്ധി. കവുങ്ങ് കർഷകർക്ക് പ്രത്യേക പാക്കേജ് നടപ്പാക്കിയാൽ നിലവിലെ സാഹചര്യങ്ങൾക്ക് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കമുക് കൃഷിയുള്ള കാസർകോട് ജില്ലയിൽ മാത്രം 1500 കോടിയുടെ നഷ്‌ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സംയുക്തമായ ഇടപെടലിലൂടെ മാത്രമേ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനാകൂ. പ്രതിസന്ധി പരിഹരിക്കണം എന്നാവശ്യപ്പെട്ട് കർഷകസംഘം ഈ മാസം 30 ന് കലക്ട്രേറ്റ് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.