കാസർകോട്:കൊച്ചിയിൽ നടി ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിൻ ലാൽ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് കോടതി മാറ്റി. ഹർജി ഹോസ്‌ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഫെബ്രുവരി നാലിന് വീണ്ടും പരിഗണിക്കും. അന്വേഷണ പുരോഗതി സംബന്ധിച്ച് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
മൊഴി മാറ്റാൻ കെ.ബി ഗണേഷ് കുമാർ എം.എൽ.എയുടെ മുൻ സെക്രട്ടറി പ്രദീപ് ഭീഷണിപ്പെടുത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് ആരോപിച്ചാണ് വിപിൻ ലാൽ കോടതിയെ സമീപിച്ചത്. കൂടുതൽ തെളിവുകൾ ശേഖരിക്കാനുണ്ടെന്ന് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. അതേ സമയം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിന് ശേഷം അന്വേഷണം ഒന്നും നടന്നിട്ടില്ലെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ അന്വേഷണ പുരോഗതിയില്ലെന്നത് വ്യക്തമായി പറയുന്നുണ്ടെന്നും വിപിൻ ലാലിന്‍റെ അഭിഭാഷകൻ പി.വൈ അജയ കുമാർ കോടതിയെ അറിയിച്ചു.