കാസര്‍കോട്: കേരള-കർണാടക സംസ്ഥാന അതിർത്തിയിലെ പ്രശ്‌നങ്ങൾ പരിഹരിച്ചുവെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിക്കുമ്പോഴും മനുഷ്യത്വരഹിത നടപടിയുമായി കർണാടക. കണ്ണൂരിൽ നിന്നും രോഗിയുമായെത്തിയ ആംബുലൻസ് കർണാടക പൊലീസ് തലപ്പാടിയിൽ തടഞ്ഞു. തീപ്പൊള്ളലിന് ചികിത്സയിലുള്ള കുട്ടിയെയും കൊണ്ടുവന്ന ആംബുലൻസാണ് തടഞ്ഞത്. അതിർത്തിയിൽ കർണാടക മെഡിക്കൽ സംഘത്തിന്‍റെ പരിശോധനകൾക്ക് ശേഷം കൊവിഡ് ബാധിതരല്ലാത്ത രോഗികളെ കടത്തിവിടുമെന്ന വാർത്തയെ തുടർന്നാണ് കണ്ണൂർ മൊറാഴയിലെ മോഹനൻ പതിമൂന്നുകാരനായ മകൻ അതിഥ് ഗോവിന്ദനെ ചികിത്സക്കായി കൊണ്ടുവന്നത്.
കാസര്‍കോട് അതിര്‍ത്തിയില്‍ രോഗിയുമായി എത്തിയ ആംബുലൻസ് തടഞ്ഞു - karnataka police
തീപ്പൊള്ളലിന് ചികിത്സയിലുള്ള കുട്ടിയുമായി വന്ന ആംബുലൻസാണ് തടഞ്ഞത്
തീപ്പൊള്ളലേറ്റ് കഴിഞ്ഞ ഒരു വർഷമായി ചികിത്സയിലാണ് അതിഥ്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഓപ്പറേഷനടക്കം നടന്നത്. ഒരാഴ്‌ച മുമ്പ് ആശുപത്രിയിലേക്ക് വീണ്ടും പോകേണ്ടതായിരുന്നു. എന്നാൽ അതിർത്തി അടച്ചതിനാൽ ചികിത്സ വൈകി. ഡോക്‌ടറുടെ സർട്ടിഫിക്കറ്റും മെഡിക്കൽ രേഖകളുമടക്കം കൈയിൽ ഉണ്ടെങ്കിലും അത് നോക്കാൻ പോലും കർണാടക പൊലീസ് തയ്യാറായില്ല. രാവിലെ മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയന്‍റെ ആംബുലൻസിലാണ് മോഹനൻ മകനെയും കൊണ്ട് മംഗളൂരുവിലേക്ക് പുറപ്പെട്ടത്. തടസങ്ങളില്ലാതെ അതിർത്തിയിലെത്തിയെങ്കിലും പൊലീസ് സംഘം വാഹനം തിരിച്ചുവിടാൻ ആവശ്യപ്പെടുകയായിരുന്നു.