കാസർകോട്: സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് എ കെ ആന്‍റണി കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും വീടുകൾ സന്ദർശിച്ചത്. ഇരുവരുടെയും മരണമേൽപ്പിച്ച മുറിവുണങ്ങാതെ കഴിയുന്ന കുടുംബാംഗങ്ങളുമായി എ കെ ആന്‍റണി സംസാരിച്ചു.
ആശ്വാസവുമായി ആന്‍റണിയെത്തി
കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും വീടുകൾ കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ കെ ആന്‍റണി സന്ദർശിച്ചു.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരെയും ഗൂഢാലോചന നടത്തിയവരെയും പിടികൂടണം എന്ന് ആന്‍റണി ആവശ്യപ്പെട്ടു. കണ്ടെടുത്ത ആയുധങ്ങളുടെ കാര്യത്തില്‍ സംശയമുണ്ട്. ഇപ്പോൾ നടക്കുന്ന അന്വേഷണം ചടങ്ങു മാത്രമാണ്. സിപിഎമ്മിന് ഒന്നും മറച്ചുവെക്കാനില്ലെങ്കിൽ മുഖ്യമന്ത്രി സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആന്‍റണി പറഞ്ഞു.
രാഷ്ട്രീയ കൊലപാതങ്ങൾ നിർത്തുക എന്നതാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രധാന അജണ്ട. കേരളത്തിൽ ഇത്തവണ രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ വിധിയെഴുത്തുണ്ടാകുമെന്നും ആന്‍റണി കൂട്ടിച്ചേർത്തു.