കാസര്‍കോട്: നീലേശ്വരം പള്ളിക്കരയിലെ അജി സ്നേഹത്തോടെ കിച്ചു എന്ന് നീട്ടിവിളിക്കും.. ഓടിയെത്തി അജിയുടെ കയ്യിലിരുന്ന് കിച്ചു എന്ന അണ്ണാൻ കുഞ്ഞ് പാലുകുടിക്കുമ്പോൾ അത് വെറുമൊരു സഹജീവി സ്നേഹം മാത്രമല്ല... ഒന്നരമാസം മുന്‍പ് പെരിയയിലെ ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെയാണ് കണ്ണ് പോലും തുറക്കാതിരുന്ന അണ്ണാൻ കുഞ്ഞിനെ അജിക്ക് ലഭിക്കുന്നത്. രാത്രി വൈകും വരെ കാത്തിരുന്നിട്ടും അമ്മയണ്ണാനെ കാണാത്തതോടെ അജി അണ്ണാൻ കുഞ്ഞിനെ ഒപ്പം കൂട്ടി.
അജിയുടെ കിച്ചു, കിച്ചുവിന്‍റെ അജി: ഇത് കൂട്ടിലടയ്ക്കാത്ത സ്നേഹം - കാസര്‍കോട്
വഴിയില്‍ നിന്നും കിട്ടിയ അണ്ണാന്‍ കുഞ്ഞിനെ വീട്ടിലെ ഒരംഗത്തെപ്പോലെ പരിപാലിച്ച് വരികയാണ് നീലേശ്വരം പള്ളിക്കരയിലെ അജി. അജിക്കൊപ്പം ഉണ്ടും ഉറങ്ങിയും കഴിയുന്ന കിച്ചു എന്ന അണ്ണാന്‍കുഞ്ഞിന് അജി വളര്‍ത്തച്ഛനാണ്.
അങ്ങനെ അമ്മയില്ലാത്ത അണ്ണാൻ കുഞ്ഞിന് അജി വളര്‍ത്തച്ഛനായി. അവനെ കിച്ചുവെന്ന് വിളിച്ചു. തുണിയില്‍ നനച്ചായിരുന്നു ആദ്യം പാല് കൊടുത്തത്. പിന്നാലെ പാല് കുടി ഫില്ലറിലായി. വീട്ടുകാരുടേതല്ലാതെ ആരുടെ ശബ്ദം കേട്ടാലും പരുങ്ങുന്ന കിച്ചു, അജിയുടെ സ്‌നേഹ വിളിയില്‍ തലപൊക്കും. അജിയുടെ ശരീരത്തില്‍ പറ്റിപ്പിടിച്ച് കളിക്കുന്ന അണ്ണാന്‍ കുഞ്ഞ്, അജി എവിടെ പോയാലും ഒപ്പമുണ്ടാകും. വീടിന് പുറത്തേക്കുള്ള യാത്രയിലും പാല് കൊടുക്കുമ്പോഴും അജിയുടെ പോക്കറ്റിനുള്ളില്‍ കിച്ചു കയറിക്കൂടും.
ബൈക്കിലാണ് അജിയുടെ യാത്രയെങ്കില്‍ മുന്‍ വശത്ത് കിച്ചുവുമുണ്ടാകും. കൂട്ടിലിടാതെ വളര്‍ത്തുന്ന അണ്ണാന്‍ കുഞ്ഞിന്‍റെ ഉറക്കം അജിയുടെ പുതപ്പിനടിയിലാണ്. വീട്ടിലെ ഒരംഗമായ അണ്ണാനെ അജിക്ക് പിരിയാനാകില്ല . കഴിയുന്നത്രയും ഒപ്പം കൂട്ടാനുള്ള തീരുമാനത്തിലാണ് ആരോഗ്യവകുപ്പിലെ ഡ്രൈവര്‍ കൂടിയായ അജി.