കേരളം

kerala

ETV Bharat / state

Adv C Shukkur On Anil Kumar's Statement : 'തട്ടം' വിവാദമാക്കിയത് മുസ്ലിം മത മൗലിക വാദികളുടെ തന്ത്രം : അഡ്വ. സി ഷുക്കൂർ - അനിൽ കുമാറിനെ പിന്തുണച്ച് അഡ്വ സി ഷുക്കൂർ

Anil Kumar Statement Controversy മുസ്ലിം പെൺകുട്ടികൾ തട്ടം ധരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ അനിൽ കുമാറിന്‍റെ പ്രസംഗത്തിൽ തെറ്റായി ഒന്നും തന്നെ പറഞ്ഞിട്ടില്ലെന്ന് അഡ്വ. സി ഷുക്കൂർ

Hijab Row  Adv C Shukkur  Anil Kumar Statement On Hijab  Adv C Shukkur On Anil Kumar Statement  Anil Kumar Statement Controversy  Essense Global  അഡ്വ സി ഷുക്കൂർ  തട്ടം വിവാദം  തട്ടം വിവാദത്തിൽ അനിൽ കുമാറിന്‍റെ പരാമർശം  അനിൽ കുമാറിനെ പിന്തുണച്ച് അഡ്വ സി ഷുക്കൂർ  അഡ്വ സി ഷുക്കൂർ ഫേസ്‌ബുക്ക് പോസ്‌റ്റ്
Adv C Shukkur On Anil Kumar Statement

By ETV Bharat Kerala Team

Published : Oct 3, 2023, 10:16 PM IST

അഡ്വ. സി ഷുക്കൂർ മാധ്യമങ്ങളോട്

കാസർകോട് : തട്ടം വിവാദത്തിൽ കെ. അനിൽ കുമാറിന്‍റെ പരാമർശത്തെ (K Anil Kumar Statement On Hijab Row) അനുകൂലിച്ച് അഡ്വ. സി ഷുക്കൂർ (Adv C Shukkur). താൻ പരിപാടിയിൽ പങ്കെടുത്ത ആളാണെന്നും പ്രതിഷേധിക്കേണ്ട പരാമർശമായി തോന്നിയില്ലെന്നും അദ്ദേഹം പറഞ്ഞു. തട്ടമിടുന്നത് മോശമോ തട്ടമിടാത്തത് നല്ലതോ എന്ന സമീപനം അദ്ദേഹത്തിന്‍റെ പ്രസംഗത്തിലുണ്ടായിരുന്നില്ല. അനിൽ കുമാറിന്‍റെ പ്രസംഗം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. ഇസ്ലാം വിരുദ്ധ പരാമർശം അനിൽ കുമാറിന്‍റെ പ്രസംഗത്തിൽ ഉണ്ടായിരുന്നില്ല (Adv C Shukkur On Anil Kumar's Statement).

ഇത് വിവാദമാക്കിയതിൽ മുസ്ലിം മത മൗലിക വാദികളുടെ തന്ത്രം ഉണ്ട്‌. അത് കേരളീയ സമൂഹം തിരിച്ചറിയണം. അനാവശ്യ വിവാദമാണ് ഇപ്പോൾ ഉയരുന്നത്. ഇസ്ലാമോഫോബിയ വളർത്തുന്ന സംഘപരിവാറിന് പ്രതിഷേധക്കാർ എരിതീയിൽ എണ്ണ ഒഴിച്ച് കൊടുക്കുകയാണെന്നും സി. ഷുക്കൂർ പറഞ്ഞു. ഇത് സംബന്ധിച്ച് ഫേസ്‌ബുക്കിലൂടെയും ഷുക്കൂർ നേരത്തെ പ്രതികരിച്ചിരുന്നു.

ഫേസ്‌ബുക്ക് പോസ്‌റ്റിന്‍റെ പൂർണ രൂപം (Adv C Shukkur's Facebook Post)

ഒക്‌ടോബർ ഒന്നിന് തിരുവനന്തപുരത്ത് നടന്ന Essense Global ന്‍റെ Litmus 2023 പരിപാടിയിൽ 'ഏകീകൃത സിവിൽ കോഡ് ആവശ്യമുണ്ടോ? ' എന്ന സെമിനാറിൽ ശ്രീ സി രവിചന്ദ്രൻ , അഡ്വ കെ അനിൽ കുമാർ എന്നിവരോടൊപ്പം ഈ വിനീതനും ഉണ്ടായിരുന്നു. മുസ്ലിം സ്‌ത്രീയുടെ തുല്യതയ്‌ക്ക് വേണ്ടിയാണ് ഏകീകൃത സിവിൽ കോഡ് എന്ന വാദം കാര്യകാരണങ്ങൾ പറഞ്ഞുതന്നെ യാഥാർഥ്യവുമായി പൊരുത്തപ്പെടാത്തതും ഇന്നത്തെ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ ഇതരസമുദായത്തിലെ സ്ത്രീകളേക്കാൾ മെച്ചപ്പെട്ട ലീഗൽ പൊസിഷൻസ് പല കാര്യങ്ങളിലും ഉണ്ടെന്ന് ബോധ്യപ്പെടുത്തുവാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ അനന്തര സ്വത്ത് അവകാശത്തിലും പുരുഷന്‍റെ ബഹുഭാര്യാത്വ അവകാശത്തിലും ഉള്ള വ്യവസ്ഥകൾ ഭരണഘടനയ്‌ക്ക് ഏതിരായതിനാൽ തിരുത്തപ്പെടേണ്ടതുണ്ടെന്നും ഞാൻ അവിടെ പറഞ്ഞു.

ഏക സിവിൽ നിയമത്തിനുവേണ്ടി പറഞ്ഞവർക്ക് എന്‍റെ വാദങ്ങളെ എതിർക്കുവാൻ അവിടെ കഴിഞ്ഞിരുന്നില്ല. അനന്തര സ്വത്ത് അവകാശവും ബഹു ഭാര്യാത്വവും തടയുവാൻ ഏക സിവിൽ നിയമം വേണ്ട, അതാത് നിയമങ്ങളിൽ മാറ്റം വരുത്തിയാൽ മതി. അഥവാ മുസ്ലിം സ്‌ത്രീകളുടെ സാമൂഹ്യപദവി ഉയർത്തുവാൻ മുസ്ലിം വ്യക്തിനിയമ പരിഷ്‌കാരം മാത്രം മതി എന്നതാണ് എന്‍റെ നിലപാട്. ഞങ്ങളെ രണ്ടുപേരെയും പോലെ ശ്രീ അനിൽ കുമാർ നാല് അവസരങ്ങളിലായി 30 മിനിട്ടാണ് പ്രസംഗിച്ചത്.

സംഘ് പരിവാർ ഉയർത്തുന്ന രാഷ്‌ട്രീയ ഭീഷണിയും ഇന്ത്യയെ തന്നെ നശിപ്പിക്കുവാൻ ഉതകുന്ന ഒരു ടൂളായി, മനുഷ്യരിൽ വിഭജനം ഉണ്ടാക്കാനാണ് പൊതു സിവിൽ നിയമ ചർച്ച ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൃത്യമായി പറഞ്ഞു. അടിസ്ഥാന പ്രശ്‌നം പട്ടിണിയും വിദ്യാഭ്യാസവും തൊഴിലുമാണെന്ന പരിഗണയിലാണ് അദ്ദേഹം പ്രസംഗിച്ചത്. അവിടെ മുസ്ലിം സ്‌ത്രീയുടെ അഭിമാന പ്രശ്‌നമായി പൊതു സിവിൽ നിയമത്തെ ചിത്രീകരിക്കുവാൻ ശ്രമിച്ചപ്പോൾ, കേരളത്തിലെ ഇതര സമുദായത്തിലെ സ്‌ത്രീകളെ പോലെ മുസ്ലിം സ്‌ത്രീയുടെ വളർച്ചയിലും ഇടതുരാഷ്‌ട്രീയത്തിന്‍റെ സ്വാധീനം അദ്ദേഹം ചൂണ്ടി കാണിക്കുകയുണ്ടായി.

അതിൽ നിന്നും ഒരു കഷ്‌ണം അടർത്തി മാറ്റി സംഘ വിരുദ്ധ രാഷ്‌ട്രീയത്തിൽ ശക്തമായ നിലപാടുള്ള ഒരാളെ മുസ്ലിം വിരുദ്ധനാക്കാനുള്ള ശ്രമം കാണുമ്പോൾ പരിതപിക്കുവാനേ കഴിയൂ. അനിൽ കുമാർ സഖാവിനോട് നേരിട്ടുസംസാരിച്ചു, അദ്ദേഹത്തിന്‍റെ പ്രസംഗം പൂർണമായും കേട്ടിരുന്നെങ്കിൽ ആദരണീയനായ ഡോ കെ ടി ജലീലിന് ഒരു പോസ്റ്റ് എഴുതുന്നത് ഒഴിവാക്കാമായിരുന്നു. കർണാടകയിൽ തട്ടം ഇടാനുള്ള അവകാശത്തിനുവേണ്ടിയാണ് മനുഷ്യർ പോരാടുന്നത്. ഇറാനിൽ തട്ടം ഇടാതിരിക്കാനും. ഈ രണ്ട് പോരാട്ടങ്ങളെയും നാം പിന്തുണയ്‌ക്കണം. അതാണ് ഇടതുരാഷ്‌ട്രീയം എന്നാണ് എനിക്ക് തോന്നുന്നത്.

ഭരണകൂടവും മതമേധാവികളും മനുഷ്യരുടെ ചോയ്‌സ് (dictate) തീരുമാനിക്കുന്ന ഘട്ടം അപകടം പിടിച്ചതും മനുഷ്യത്വ വിരുദ്ധവുമാണ്.
1930 ൽ അഥവാ രാജ്യത്ത് 1937 ശരീഅത്ത് നിയമം നിലവിൽ വരുന്നതിനും 7 വർഷം മുമ്പ് മുസ്ലിം പെൺകുട്ടികൾ അക്ഷരങ്ങൾ പഠിക്കുന്നത് മത നിഷിദ്ധം ( ഹറാം ) ആണെന്ന് മതവിധി പുറപ്പെടുവിച്ചവരുടെ നേർഅവകാശികൾ 'ഞങ്ങടെ കുട്ടികൾ തട്ടമിട്ട് പ്രൊഫഷണൽ കോളജിൽ പഠിക്കുന്നത് കാണുന്നില്ലേ' എന്നൊക്കെ അനിൽ കുമാർ സഖാവിനോട് സോഷ്യൽ മീഡിയ വഴി ചോദിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നുണ്ട്. കാലത്തിന്‍റെ ചുമരെഴുത്ത് അഡ്രസ് ചെയ്യാതെ ഒരു ഉമ്മത്തിനും മുമ്പോട്ട് നടക്കുക സാധ്യമല്ല. കാലത്തിന്‍റെ കാവ്യ നീതി.

സംവാദത്തിൽ ശ്രീ രവിചന്ദ്രൻ പൊതു സിവിൽ നിയമം വേണമെന്ന കാഴ്‌ചപ്പാടിലാണ് ഊന്നി നിന്നത്. എന്‍റെ നിലപാടുകളെ ഖണ്ഡിക്കുവാൻ ആ കാര്യത്തിൽ അദ്ദേഹം താൽപര്യം കാണിച്ചില്ല. എന്നാൽ അനിൽ കുമാർ സഖാവിന്‍റെ വാദങ്ങളോടാണ് അദ്ദേഹം എതിർപ്പുപറഞ്ഞത്.
പല Essence കാരും എന്‍റെ നിലപാടുകളിൽ 90 ശതമാനത്തോട് യോജിച്ചതായി പറഞ്ഞതിൽ സന്തോഷം. Essenceനെതിരെയുള്ള എന്‍റെ വിമർശനമാണ് അവരെ 10 ശതമാനത്തിൽ തളച്ചിട്ടത്, എന്‍റെ വിമർശനം പോസിറ്റീവായി കാണുക.

മനുഷ്യ വിരുദ്ധ എല്ലാ സോഫ്‌റ്റുവെയറുകളെയും ഒരേ കണ്ണിൽ കാണാവുന്ന Essence ഉണ്ടാവട്ടെയെന്ന് ആഗ്രഹിക്കുന്നു. പിന്നെ, ഞാൻ നാസ്‌തികനല്ല, മുസ്ലിം ഉപ്പയുടെയും ഉമ്മയുടെയും പാരമ്പര്യത്തിൽ മുസ്ലിമായ ഒരു ഇന്ത്യക്കാരനാണ്. നാസ്‌തികരോട് മത വിശ്വാസികളോടുള്ള അതേ സമീപനമാണ്. നാസ്‌തികർക്കും മനുഷ്യരുടെ സാമൂഹ്യ വളർച്ചയിൽ പങ്കുണ്ടെന്നുതന്നെ കരുതുന്ന ഒരാൾ. മീഡിയ വൺ കാർഡ് കണ്ട് അനിൽ കുമാർ സഖാവിനെതിരെ ഉറഞ്ഞുതുള്ളുന്നവർ ആ ചർച്ച മുഴുവൻ കാണുവാൻ ശ്രമിക്കുമെന്ന് കരുതുന്നു.

ABOUT THE AUTHOR

...view details