കാസര്‍കോട്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രദീപ് കുമാറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാല് ദിവസത്തേക്കാണ് ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയിൽ വിട്ടത്. പ്രതിയുമായി തെളിവെടുപ്പ് നടത്തണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി. പ്രദീപ് കുമാറിന്‍റെ ജാമ്യാപേക്ഷ ഈ മാസം 30ന് പരിഗണിക്കും.
നടിയെ ആക്രമിച്ച കേസ്; പ്രദീപ് കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു - ബേക്കൽ പൊലീസ്
സാക്ഷിയെ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ അടക്കമുള്ള തെളിവുകൾ കണ്ടെത്താന്‍ കൊട്ടാരക്കര ഉൾപ്പടെയുളള സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി
സാക്ഷിയെ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ അടക്കമുള്ള തെളിവുകൾ കണ്ടെത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഇതിനായി കൊട്ടാരക്കര ഉൾപ്പടെയുളള സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. തിരുനെൽവേലി സ്വദേശിയുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ചാണ് സാക്ഷി വിപിൻ ലാലിനെ വിളിച്ചതെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസിൽ മാപ്പു സാക്ഷിയായ കാസർകോട് സ്വദേശി വിപിൻ ലാലിനെ ഫോണിലും നേരിട്ടും കത്ത് വഴിയും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ബേക്കൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രദീപ് കുമാർ കാസർകോട് എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. കാസർകോട് താമസിച്ചതിന്‍റെ വിശദാംശങ്ങളും ലഭിച്ചിരുന്നു.
എന്നാൽ കാസർകോട് ഒരു ഷോറൂമിൽ എത്തിയത് വാച്ച് വാങ്ങാൻ ആണെന്നായിരുന്നു സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയിൽ പ്രതി ഭാഗം അഭിഭാഷകൻ ഉന്നയിച്ചത്. പ്രദീപ് കുമാർ നേരിട്ട് വിപിൻ ലാലിനെ കണ്ടിട്ടില്ലെന്നും വാദിച്ചിരുന്നു. എന്നാൽ നോട്ടീസ് നൽകി വിളിപ്പിച്ച പ്രദീപിൽ നിന്നും ലഭിച്ച മൊഴികൾ ഉൾകൊള്ളിച്ച് അന്വേഷണ സംഘം സമർപ്പിച്ച വിശദമായ റിപ്പോർട് പരിഗണിച്ച കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് ചൊവ്വാഴ്ച പുലർച്ചെ കൊട്ടാരക്കരയിൽ നിന്നും പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്.