കാസർകോഡ്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ കീഴടങ്ങിയ കെബി ഗണേഷ് കുമാർ എം.എൽ.എയുടെ പി.എ പ്രദീപ് കുമാറിനെ വിട്ടയച്ചു. ആറു മണിക്കൂറോളം വിശദമായി ചോദ്യം ചെയ്‌ത ശേഷമാണ് പ്രദീപിനെ വിട്ടയച്ചത്. ഇയാൾക്കെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചുവെന്നാണ് വിവരം. കോടതി നിര്‍ദ്ദേശ പ്രകാരം വ്യാഴാഴ്‌ച രാവിലെ പത്തരയോടെയാണ് പ്രദീപ് കുമാർ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഓഫീസിലെത്തിയത്. പ്രദീപിനെ തിരിച്ചറിയാനായി സാക്ഷികളെ അടക്കം വിളിച്ചു വരുത്തി.
നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിപിന്‍ ലാലിനെ തേടി ജനുവരി 25ന് തൃക്കണ്ണാട്ടെ ബന്ധുവീട്ടില്‍ എത്തിയ ആള്‍ പ്രദീപ് തന്നെയാണെന്ന് അയല്‍വാസി സ്ഥിരീകരിച്ചു. ഇതിനൊപ്പം ജനുവരി 24ന് പുലര്‍ച്ചെ കൊച്ചിയില്‍ നിന്നും കോഴിക്കോട്ടേക്ക് പ്രദീപ് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ യാത്ര ചെയ്‌തതിന്‍റെ തെളിവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ പ്രദീപില്‍ നിന്നും ശേഖരിച്ച മൊഴികളുടെ വിശദാംശങ്ങളും സാഹചര്യ തെളിവുകളും അന്വേഷണ സംഘം ജില്ല സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കും.പ്രദീപ് കുമാറിന്‍റെ ജാമ്യാപേക്ഷ കാസർകോഡ് സെഷൻസ് കോടതി നാളെ പരിഗണിക്കും.