കാസർകോട് : ബായ്‌ക്കട്ടെയിൽ കരിഞ്ചന്തയിൽ വിൽപന നടത്താൻ സൂക്ഷിച്ച റേഷൻ അരി പിടികൂടി. കാർഡ് ഉടമകൾ മറിച്ചുനൽകിയ 833 കിലോ റേഷൻ അരി രണ്ട് കടകളിൽ നിന്നായാണ് പിടിച്ചെടുത്തത്. മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ബായ്‌ക്കട്ടെയിൽ കരിഞ്ചന്ത വില്‍പനയ്‌ക്കായി വച്ചത് 833 കിലോ റേഷൻ അരി ; രണ്ട് കടകള്‍ക്കെതിരെ നടപടി - കരിഞ്ചന്ത
മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കരിഞ്ചന്തയില്‍ വില്‍ക്കാനായി വച്ച റേഷന്‍ അരി പിടിച്ചെടുത്തത്
പിടിച്ചെടുത്ത അരി എൻഎഫ്എസ്എ (National Food Security Act) കേന്ദ്രത്തിലേയ്ക്ക് മാറ്റി. റേഷൻ സാധനങ്ങൾ കരിഞ്ചന്തയിൽ വില്‍പന നടത്തുന്നത് സംബന്ധിച്ച് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അനധികൃതമായി സൂക്ഷിച്ച 641 കിലോ പച്ചരിയും 75 കിലോ പുഴുക്കലരിയുമാണ് പിടിച്ചെടുത്തത്.
മറ്റൊരു കടയിൽ നിന്നും 117 കിലോ പച്ചരിയും പിടിച്ചെടുത്തു. രണ്ട് കടയുടമകൾക്കെതിരെയും അവശ്യസാധന ദുരുപയോഗ നിയമപ്രകാരം നടപടികൾ സ്വീകരിക്കുമെന്നും വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ സ്ഥലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുമെന്നും താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. അസിസ്റ്റന്‍റ് താലൂക്ക് സപ്ലൈ ഓഫിസർ രവീന്ദ്രൻ എം, റേഷനിങ് ഇൻസ്‌പെക്‌ടർ സുരേഷ് നായിക്, ഡ്രൈവർ നൗഷാദ് എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.