കാസര്‍കോട്:പ്രവാസി യുവാവ് അബൂബക്കര്‍ സിദ്ദീഖിന്‍റെ കൊലപാതകം കഴിഞ്ഞ് നാല് മാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനാവത്തതില്‍ പൊലീസിന് വീഴ്‌ച സംഭവിച്ചിട്ടുണ്ടെന്നാരോപിച്ച് കുടുംബം രംഗത്ത്. കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിച്ചുവെന്നാണ് കുടുംബത്തിന്‍റെ ആരോപണം. കൊലപാതകത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും നേരത്തെ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിനായില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം.
പ്രവാസി യുവാവിന്‍റെ കൊലപാതകം; പൊലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് കുടുംബം അതേസമയം കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ വിദേശത്തേക്ക് കടന്നുവെന്നാണ് പൊലീസിന്‍റെ വിശദീകരണം. എന്നാല്‍ പ്രതികളെ കണ്ടെത്തി നാട്ടിലെത്തിക്കാന്‍ പൊലീസിന്‍റെ ഭാഗത്ത് നിന്ന് നടപടികളെടുക്കുന്നില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം. പ്രതികള്‍ക്ക് പിന്നാലെ അവരുടെ ഭാര്യമാരും വിദേശത്തേക്ക് കടന്നതായി സൂചനയുണ്ട്.
കഴിഞ്ഞ ജൂണ്‍ 27നാണ് സീതാംഗോളി സ്വദേശി അബൂബക്കര്‍ സിദ്ദീഖിനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. വിദേശത്തേക്ക് പണം കടത്തുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. സംഭവത്തില്‍ ക്വട്ടേഷന്‍ നല്‍കിയ രണ്ട് പേര്‍ ഉള്‍പ്പെടെ ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
എന്നാല്‍ കേസില്‍ 15 പേരാണ് പ്രതി പട്ടികയിലുള്ളത്. അതുകൊണ്ട് തന്നെ പ്രതികളെ സംരക്ഷിക്കാന്‍ പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടായെന്നാണ് കുടുംബം പറയുന്നത്. കേസ് ക്രൈംബ്രാഞ്ചിനോ കേന്ദ്ര ഏജന്‍സിക്കോ കൈമാറണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. വിഷയത്തില്‍ പൊലീസിനെതിരെ ആരോപണമുന്നയിച്ച് സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്.