കാസര്‍കോട്: കോട്ടിക്കുളത്ത് കര്‍ണാടക സ്വദേശിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവം കൊലപാതകമാണെന്ന് പൊലീസ് അറിയിച്ചു. കൊലയാളിയെന്ന് സംശയിക്കുന്നയാളെ പൊലീസ് പിടികൂടി. സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെ അറസ്റ്റുചെയ്യാനായത്. ഇയാളും കര്‍ണാടക സ്വദേശിയാണ്.
ഇന്ന് രാവിലെയാണ് 45 വയസ് തോന്നിപ്പിക്കുന്ന കര്‍ണാടക സ്വദേശിയുടെ മൃതദേഹം കട വരാന്തയില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. തലയിലും മുഖത്തും തോളിലുമെല്ലാം മുറിവുകള്‍ കണ്ടതോടെയാണ് കൊലപാതകമെന്ന് പൊലീസ് ഉറപ്പിച്ചത്. കൂടാതെ ഒരാള്‍ മൃതദേഹം വലിച്ചിഴച്ച് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചു.
കാസർകോട്ട് കര്‍ണാടക സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി കസ്റ്റഡിയിലെടുത്തയാളെ ബേക്കല്‍ ഡിവൈഎസ്പി കെ. എം. ബാബുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചോദ്യം ചെയ്തുവരികയാണ്. ഡോഗ് സ്ക്വാഡ്, ഫൊറന്‍സിക് വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കൊല നടത്താനുള്ള കാരണം വ്യക്തമായിട്ടില്ല.
കൊല്ലപ്പെട്ടയാള്‍, കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും വിദ്യാനഗറിലുമാണ് താമസിച്ചിരുന്നത്. ഇയാളുടെ കൃത്യമായ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടില്ല. കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ എന്തെങ്കിലും പറയാനാകൂവെന്ന് പൊലീസ് അറിയിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.