കാസര്‍കോട്: ജില്ലയില്‍ വ്യാപകമായുണ്ടായ കനത്ത മഴയില്‍ വന്‍ നാശനഷ്‌ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. മഡിയനിൽ വീട് തകർന്നു വീണു. 96 വയസുള്ള സ്‌ത്രീയും മക്കളുമടങ്ങുന്ന കുടുംബം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇവരുടെ ഓടുമേഞ്ഞ വീടാണ് ഇന്നലെ രാത്രിയുണ്ടായ മഴയിൽ തകർന്നത്.
കാസർകോട് ശക്തമായ മഴയിൽ വീട് തകര്‍ന്നു
മഡിയനിൽ 96 വയസുള്ള സ്‌ത്രീയും മക്കളുമടങ്ങുന്ന കുടുംബത്തിന്‍റെ വീട് തകർന്നു വീണു
രാത്രി 12 മണിയോടെ വലിയ ശബ്ദം കേട്ടാണ് മകൻ മണികണ്ഠൻ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്. പുറത്തിറങ്ങി നോക്കിയപ്പോഴേക്കും ഓടും, കഴുക്കോലും, വാരിയുമടങ്ങുന്ന മോന്തായം ഉൾപ്പെടെ നിലംപൊത്തിയ നിലയിലാണ് കണ്ടത്. മേൽക്കൂരയ്ക്ക് താഴെ പറമ്പലക പാകിയത് കൊണ്ടുമാത്രമാണ് വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന കുടുംബാംഗങ്ങൾ രക്ഷപ്പെട്ടത്. മേൽക്കൂര തകർന്നു വീണുണ്ടായ ശക്തമായ ആഘാതം കാരണം ചുമരുകളും വിള്ളലുകൾ സംഭവിച്ച് താഴേക്ക് വീണ നിലയിലാണുള്ളത്. സംഭവമറിഞ്ഞ് വില്ലേജ് അധികൃതരും മറ്റും സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി. തുടർന്ന് മടിയൻ ജവാൻ ക്ലബ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് അപകടാവസ്ഥയിലായ വീടിന്‍റെ തകർന്ന അവശിഷ്ടങ്ങൾ നീക്കം ചെയ്തു.