കാസർകോട് :പുലിക്കളി അഥവാ കടുവകളി കേരളത്തിലെ തനതുകലാരൂപങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഓണക്കാലങ്ങളില്‍ പുലിവേഷം കെട്ടി കലാകാരന്മാര്‍ നാട്ടിന്‍പുറത്തും നഗരത്തിലും ഇറങ്ങാറുണ്ടെങ്കിലും തൃശൂരാണ് ഈ കലാരൂപത്തിന്‍റെ ഈറ്റില്ലം. ഏകദേശം 200 വർഷം പഴക്കമുള്ള ഈ കല കാസര്‍കോടും കെട്ടി ആടാറുണ്ട്.
നവരാത്രി ആഘോഷത്തില്‍ താമ്പയുടെ താളത്തില്‍ ചുവടുവച്ച് കാസര്‍ക്കോട്ട് തകര്‍പ്പന്‍ പുലിക്കളി. നവരാത്രി ആഘോഷങ്ങളില്‍ മാത്രമാണ് ഈ ജില്ലയില്‍ പുലിക്കളി ഇടംനേടാറുള്ളത്. ചെണ്ടമേളത്തിന്‍റെ താളത്തിനൊപ്പം ചുവടുവച്ചും മലക്കം മറിഞ്ഞും പുലിക്കൂട്ടങ്ങൾ വലിയ ആവേശമാണ് കാണികള്‍ക്ക് നല്‍കാറുള്ളത്. വേഷങ്ങളിലെ പ്രത്യേകതകൾകൊണ്ടുതന്നെ സംസ്ഥാനത്തിന്‍റെ മറ്റിടങ്ങളില്‍ ഇറങ്ങുന്ന പുലികളില്‍ നിന്ന് വ്യത്യസ്തമാണ് കാസർകോട്ടേത്.
കർണാടകയിൽനിന്നുള്ള കലാകാരന്മാരും ജില്ലയില്‍
മുഖംമൂടികൾക്ക് പകരം കടുവയുടേതിന് സമാനമായ വരകളാണ് മുഖത്ത് ഒരുക്കാറുള്ളത്. പുലിവേഷത്തിന് ഉപയോഗിക്കുന്ന വാദ്യങ്ങൾക്കും പ്രത്യേകതയുണ്ട്. ചെണ്ടകൾക്കുപകരം താമ്പ, ഡോള്‍ എന്നീ വാദ്യങ്ങളാണ് ഈ ജില്ലയില്‍ ഉപയോഗിക്കാറുള്ളത്. സംസ്ഥാനത്തെ മറ്റൊരിടത്തും ഇത്തരം വാദ്യമില്ലെന്ന് കലാകാരന്മാര്‍ അവകാശപ്പെടുന്നു.
ഒരു മുതിര്‍ന്ന പുലിയും ബാക്കി കുട്ടിപ്പുലികളുമാണ് സംഘത്തിലുണ്ടാവുക. നവരാത്രി ആഘോഷങ്ങളിൽ കരടി, കോഴിനൃത്തം, ബൈമ്മലാട്ടം എന്നിവയും ഇടംപിടിക്കാറുണ്ട്. മംഗളൂരു, പുത്തുർ, സുള്ള്യ, മടിക്കേരി പ്രദേശങ്ങളിലും കലാരൂപം എത്താറുണ്ട്. കർണാടകയിൽനിന്നുള്ള കലാകാരന്മാരും ജില്ലയിലെത്തി പുലിക്കളിയുടെ ഭാഗമാകാറുണ്ട്.
കഴിഞ്ഞ വർഷം കൊവിഡ് കാരണം പുലിക്കളിയ്ക്ക് അനുമതിയില്ലാഞ്ഞതിനാല്‍ ഈ വര്‍ഷം ഇറങ്ങാനായതിന്‍റെ സന്തോഷത്തിലാണ് കലാകാരന്മാര്‍. മറ്റ് പ്രതിസന്ധികളൊന്നുമില്ലെങ്കില്‍ അടുത്ത നവരാത്രിയ്‌ക്ക് വീണ്ടുമെത്താമെന്ന ശുഭാപ്‌തി വിശ്വാസം മനസില്‍ ഉറപ്പിച്ചാണ് പുലിക്കൂട്ടം ആഘോഷയിടത്തുനിന്നും മടങ്ങിയത്.
ALSO READ:ന്യൂനമര്‍ദം ദുര്‍ബലമായി; മഴയുടെ ശക്തി കുറയും, ഡാമുകളില്‍ റെഡ് അലര്‍ട്ട്