കാസര്‍കോട്: കഥകളിക്ക് എപ്പോഴും കലകളുടെ രാജാവെന്ന പരിവേഷമാണ്. കിരീടം ചൂടി, ഉടുത്തുകെട്ടിയ വേഷവിധാനങ്ങളില്‍ തുടങ്ങി മുദ്രകളിലും ചുവടുകളിലുമെല്ലാം പ്രൗഢി ദൃശ്യമാകും. സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിലും ആ പ്രൗഢിക്ക് ഒട്ടും മങ്ങലേറ്റിട്ടുണ്ടായിരുന്നില്ല. എന്നാല്‍ ആസ്വാദകരുടെ എണ്ണത്തില്‍ ആ പ്രൗഢി കാണാന്‍ കഴിഞ്ഞില്ല. ശുഷ്‌കമായ സദസായിരുന്നു ഓരോ കഥകളി മത്സരാര്‍ഥിയെയും കാത്തിരുന്നത്.
കലോത്സവ വേദിയിലെ കഥകളി കാഴ്‌ചകൾ - കഥകളി
ഹനുമാൻ, ലവ-കുശ തുടങ്ങിയ കഥകളി വേഷങ്ങളിലൂടെ കുട്ടികൾ ആസ്വാദകരുടെ മനസ് കീഴടക്കി.
ആൺകുട്ടികളേക്കാൾ കൂടുതല്‍ പെൺകുട്ടികളായിരുന്നു മത്സരത്തിന് എത്തിയത്. ഹനുമാൻ, ലവ-കുശ തുടങ്ങിയ വേഷങ്ങളിൽ കുട്ടികൾ ആസ്വാദകരുടെ മനസ് കീഴടക്കി. എന്നാൽ കഥകളിക്ക് വേണ്ടത്ര പ്രധാന്യം കലോത്സവത്തിൽ ലഭിക്കുന്നില്ലെന്നാണ് മത്സരാര്‍ഥികളുടെയും ഗുരുക്കന്മാരുടെയും പരിഭവം. എങ്കിലും കാഴ്‌ചക്കാരുടെ കുറവ് പ്രകടനത്തെ ഒട്ടും സ്വാധീനിച്ചില്ല. മികച്ച പ്രകടനം തന്നെ കുട്ടികൾ കാഴ്‌ചവെച്ചു. ഓരോ കഥാപാത്രത്തിന്‍റെയും സ്വഭാവം ഉൾക്കൊണ്ട്, മുഖത്തെഴുത്തിലും വേഷവിധാനത്തിലും മാറ്റം വരുത്തിയാണ് ഓരോ കലാകാരനും കലാകാരിയും അരങ്ങിലെത്തിയത്. തേപ്പ്, ചുട്ടി, ഉടുത്തുകെട്ട് എന്നീ മൂന്ന് ഘട്ടങ്ങളായിട്ടാണ് കഥകളിയില്‍ ചായം ഒരുക്കുന്നത്. മനയോലയും ചായില്യവുമൊക്കെ ചേര്‍ത്ത് മുഖത്ത് വര്‍ണപ്രപഞ്ചം തീര്‍ക്കുന്നു. ചുണ്ടിന് ചുണ്ടപ്പൂ വിത്താണ് ഉപയോഗിക്കുന്നത്. അരങ്ങിലെ പ്രകടനം കഴിഞ്ഞ്, സദസിനെ നമസ്കരിച്ച് പുറത്ത് ഇറങ്ങുന്ന കലാകാരന്മാര്‍ പിന്നീട് വെളിച്ചണ്ണ ഉപയോഗിച്ച് ചായം മായ്ക്കുന്നതോടെ നയന മനോഹരമായ വേഷവുമൊഴിയുന്നു.