സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‍റെ വരവറിയിച്ച് 'ദക്ഷിണ' - സംസ്ഥാന സ്‌കൂള്‍ കലോത്സവം
പഴയ കാല സ്‌കൂള്‍ കലോത്സവ പ്രതിഭകളെ അണിനിരത്തിയാണ് അറുപതാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് മുന്നോടിയായി ദൃശ്യവിസ്‌മയ പരിപാടിയായ 'ദക്ഷിണ' സംഘടിപ്പിച്ചത്
കാസര്‍കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‍റെ വരവറിയിച്ച് ദൃശ്യവിസ്‌മയ പരിപാടി 'ദക്ഷിണ' സംഘടിപ്പിച്ചു. പഴയ കാല സ്‌കൂള്‍ കലോത്സവ പ്രതിഭകളെ അണിനിരത്തിയാണ് അറുപതാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് മുന്നോടിയായി ദൃശ്യവിസ്മയ പരിപാടി സംഘടിപ്പിച്ചത്. റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്‌തു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ വിദ്യാര്‍ഥി ജീവിതത്തിലെ യുവജനോത്സവ സ്മരണകള്‍ അയവിറക്കി. ചലച്ചിത്ര താരങ്ങളായ സന്തോഷ് കീഴാറ്റൂര്‍, സുധീര്‍ കരമന, സംവിധായകന്‍ ശ്രീജിത്ത് പലേരി എന്നിവര്‍ യുവജനോത്സവം പകര്‍ന്ന് നല്‍കിയ അനുഭവങ്ങള്‍ പങ്കിട്ടു. മഡിയന്‍ രാധാകൃഷ്‌ണ മാരാരുടെ തായമ്പകയോടെയാണ് 'ദക്ഷിണ'ക്ക് തുടക്കമായത്. വിവിധ കാലങ്ങളില്‍ സ്‌കൂള്‍ കലോത്സവ വേദികളില്‍ സമ്മാനങ്ങള്‍ നേടിയ പ്രതിഭകള്‍ വീണ്ടുമൊരിക്കല്‍ കൂടി പഴയ ആവേശത്തില്‍ വേദിയില്‍ കലാപ്രകടനങ്ങള്‍ നടത്തി.