കാസര്‍കോട്: 28 വര്‍ഷങ്ങള്‍ക്കിപ്പുറം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കാസര്‍കോട് അരങ്ങുണരുമ്പോള്‍ കലോത്സവവേദിയില്‍ യൗവനത്തിലെത്തി നില്‍ക്കുകയാണ് ജില്ലയുടെ തനതുകലാരൂപമായ യക്ഷഗാനം. തുളുനാടിന്‍റെ പ്രിയപ്പെട്ട യക്ഷഗാനത്തിന് ഈ കലോത്സവത്തോടെ 25 വയസ് പൂര്‍ത്തിയാകും.
യൗവന നിറവില്‍ കലോത്സവ വേദിയില്‍ തുളുനാടിന്‍റെ യക്ഷഗാനം
തുളുനാടിന്‍റെ പ്രിയപ്പെട്ട യക്ഷഗാനത്തിന് ഈ കലോത്സവത്തോടെ കലോത്സവ വേദിയില്‍ 25 വയസ് പൂര്‍ത്തിയാകും.
തൗളവ സംസ്‌കാരത്തിന്‍റെ ഭാഗമായ യക്ഷഗാനം യൗവനത്തിന്‍റെ പ്രസരിപ്പോടെയാണ് ഇത്തവണ വേദിയിലെത്തുന്നത്. ജില്ലാ രൂപീകരണത്തിന് ശേഷം 1991ലാണ് ആദ്യമായി സംസ്ഥാന യുവജനോത്സവം കാസര്‍കോട്ട് നടക്കുന്നത്. അന്നുവരെ യക്ഷഗാനം മത്സര ഇനമേ അല്ലായിരുന്നു. അന്നാണ് കാസര്‍കോട്ടുകാര്‍ യക്ഷഗാനം മത്സര ഇനമാക്കണമെന്ന ആവശ്യമുന്നയിക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ സംസ്ഥാന തലത്തില്‍ പ്രദര്‍ശന ഇനമായി യക്ഷഗാനം അവതരിപ്പിക്കപ്പെട്ടു.
ആദ്യമൊക്കെ യക്ഷഗാനത്തില്‍ കാസര്‍കോടിന് കലോത്സവവേദികളില്‍ എതിരാളികളില്ലായിരുന്നു. പിന്നീട് പല ജില്ലകളില്‍ നിന്നും സംഘങ്ങളെത്തി. ഇന്നിപ്പോള്‍ 14 ജില്ലകളിലും പ്രാതിനിധ്യമുള്ള ഇനമായി യക്ഷഗാനം മാറിക്കഴിഞ്ഞു. കര്‍ണാടകയുടെ കലാരൂപമായാണ് പൊതുവെ യക്ഷഗാനം അറിയപ്പെട്ടതെങ്കിലും കാസര്‍കോട് ജില്ലയിലെ കുമ്പളയിലാണ് ഈ കലയുടെ ജനനം. കുമ്പള പാര്‍ഥിസുബ്ബ, ഷേണി ഗോപാലകൃഷ്‌ണ ഭട്ട്, ചന്ദ്രഗിരി അമ്പു തുടങ്ങിയവരാണ് യക്ഷഗാനത്തെ ദേശത്തിനപ്പുറത്തേക്ക് കൊണ്ടുപോയത്. കൗമാര കലാമാമാങ്കത്തിലെ മത്സര ഇനമായി മാറിയതോടെ ഇന്നും നിറം മങ്ങാത്ത കലാരൂപമായി യക്ഷഗാനം വേദികളില്‍ നിറഞ്ഞാടുകയാണ്.