കാസർകോട്:കാസർകോട് വൻ കഞ്ചാവ് വേട്ട. ടൂറിസ്റ്റ് ബസിൽ കൊണ്ടു വരികയായിരുന്ന രണ്ടര ക്വിന്‍റലോളം കഞ്ചാവാണ് പൊലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ബസ് ഉടമയുടെ മകനായ കാസർകോട് ചെർക്കള സ്വദേശി മുഹമ്മദ് റയിംസ് ബസ് ഡ്രൈവർ മുഹമ്മദ് ഹനീഫ, മൊയ്ദീൻ കുഞ്ഞി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കാസർകോട് പാറക്കട്ടയിൽ വച്ച് ടൂറിസ്റ്റ് ബസ് പിടികൂടിയത്. പരിശോധനയിൽ ബസിൽ ഒളിപ്പിച്ച 240 കിലോഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു. കർണാടകയിൽ നിന്ന് യാത്രക്കാരില്ലാതെ വരികയായിരുന്ന ബസിന്‍റെ പിൻഭാഗത്തെ ഡിക്കിയിൽ എട്ടു ചാക്കുകളിലായാണ് കഞ്ചാവ് സുക്ഷിച്ചിരുന്നത്.
ALSO READ:റെംഡെസിവിർ നൽകാമെന്ന വ്യാജേന പണം തട്ടിയെടുത്ത 18കാരി അറസ്‌റ്റിൽ
ലോക്ക്ഡൗണിനെ തുടർന്ന് അതിഥിത്തൊഴിലാളികളെ നാട്ടിലെത്തിക്കാനെന്ന വ്യാജേന സ്പെഷ്യൽ പെർമിറ്റ് സംഘടിപ്പിച്ചാണ് പ്രതികൾ ബസ് സർവ്വീസ് നടത്തിയിരുന്നത്. ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് കൊണ്ടു വന്നതെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. നേരത്തെയും സമാനമായ കേസിൽ അറസ്റ്റിലായിട്ടുള്ളവരാണ് ഇവർ. ഇവരുടെ വീടുകളിൽ നടത്തിയ തിരച്ചിലിൽ വടിവാൾ അടക്കമുള്ള ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ദിവസം മംഗളൂരുവിൽ വെച്ച് 200 കിലോ കഞ്ചാവുമായി 4 കാസർകോട് സ്വദേശികളെ കർണാടക പൊലീസ് പിടികൂടിയിരുന്നു. ലോക്ക്ഡൗൺ മറയാക്കി വ്യാപകമായി ലഹരി വിൽപന നടക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ജില്ലയിൽ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.