കാസര്‍കോട്/കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ കൊവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പാല്‍, പെട്രോള്‍ പമ്പ്, മെഡിക്കല്‍ സ്റ്റോറുകള്‍, റേഷന്‍ കട, ഭക്ഷ്യ വസ്തുക്കള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ 10 മുതല്‍ 5 മണിവരെ പ്രവര്‍ത്തിക്കാം. എന്നാല്‍ അത്തരം കടകളില്‍ ജനങ്ങള്‍ കുറഞ്ഞത് ഒന്നര മീറ്റര്‍ അകലം പാലിച്ച് സാനിറ്ററൈസര്‍, മാസ്‌ക്കുകള്‍ എന്നിവ ഉപയോഗിച്ച് മാത്രമേ കടകള്‍ക്കുള്ളിലോ പുറത്തോ നില്‍ക്കാന്‍ കഴിയൂ. ഇത് പൊലീസ് ഉറപ്പ് വരുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനാവശ്യ യാത്രകള്‍ക്കും വിലക്കേര്‍പ്പെടുത്തി. തൊഴിലുറപ്പ് തൊഴിലാളികള്‍, സര്‍ക്കാര്‍ നിയോഗിച്ച സന്നദ്ധ പ്രവര്‍ത്തകര്‍, വാര്‍ഡ്‌തല ആരോഗ്യ പ്രവര്‍ത്തകര്‍, മൊബൈല്‍ ഫോണ്‍ സേവനം ഉറപ്പാക്കുന്നതിന് നിയോഗിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് പൊതു ഇടങ്ങളിലെ കൂടിച്ചേരലുകളും യാത്രകളും പാടില്ലായെന്ന ഉത്തരവുകള്‍ ബാധകമല്ല. ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് പൊലീസ് ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.
സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ നിരോധനാജ്ഞ - കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നിരോധനാജ്ഞ
സംസ്ഥാന വ്യാപകമായി കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
![സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ നിരോധനാജ്ഞ സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ നിരോധനാജ്ഞ കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നിരോധനാജ്ഞ 144 declared in two districts of kerala](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6508345-thumbnail-3x2-covidd.jpg)
കാസര്‍കോട് ഇതുവരെ 19 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഞായറാഴ്‌ച രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചാണ്. നിരോധനാജ്ഞയെ തുടര്‍ന്ന് ജില്ലയിലെ ആഭ്യന്തര പൊതുഗതാഗതം നിര്‍ത്തി. എല്ലാ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും ക്ലബ്ബുകളും സിനിമാ തീയേറ്ററുകളും പാര്‍ക്കുകളും മറ്റ് വിനോദ സ്ഥാപനങ്ങളും ഞായറാഴ്ച രാത്രി ഒമ്പത് മുതല്‍ ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ.ഡി. സജിത് ബാബു അറിയിച്ചു.
കോഴിക്കോട് രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇരുവരും വിദേശത്ത് നിന്ന് എത്തിയവരാണ്. ഒരാള്‍ മാര്‍ച്ച് 20ന് ദുബൈയില്‍ നിന്നും രണ്ടാമത്തെയാള്‍ മാര്‍ച്ച് 13ന് അബുദാബിയില്‍ നിന്നുമാണ് കേരളത്തില്‍ എത്തിയത്. ഇതില്‍ അബുദാബിയില്‍ നിന്നെത്തിയ 45 വയസുകാരി മാര്‍ച്ച് 19 നാണ് ബീച്ച് ജന. ആശുപത്രിയില്‍ പ്രവേശിക്കുന്നത്. അതേസമയം ദുബൈയില്‍ നിന്നെത്തിയ 27 വയസുകാരന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ ഉടനെ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പരിശോധനക്ക് വിധേയമായിരുന്നു. ഇരുവരും ഇരുപതോളം ആളുകളുമായി സമ്പര്‍ക്കം പലര്‍ത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ സഞ്ചാരപഥം പുറത്തുവിട്ടു. ഇവരുടെ ആരോഗ്യ നില തൃപ്‌തികരമാണെന്നും എന്നാല്‍ ജില്ലയില്‍ കടുത്ത നിയന്ത്രണം ഏർപ്പെടുത്തേണ്ട ആവശ്യം വന്നതോടെ സിആർപിസി സെക്ഷൻ 144 (1), (2), (3) പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതായും കോഴിക്കോട് ജില്ലാ കലക്ടർ സാംബശിവറാവു അറിയിച്ചു. മറിച്ചൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കും. ഇത് പ്രകാരം അഞ്ച് പേരിൽ കൂടുതൽ ആളുകൾ കൂട്ടമായി നിൽക്കാൻ പാടില്ല. പൊതുഗതാഗത സംവിധാനത്തിൽ അമ്പതില്‍ കൂടുതൽ ആളുണ്ടാവാൻ പാടില്ല. നിയമം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും കോഴിക്കോട് ജില്ലാ കലക്ടർ വ്യക്തമാക്കി.