കണ്ണൂർ: പൊലീസ് കസ്റ്റഡിയിലെടുത്ത യു ട്യൂബ് വ്ലോഗർ ആത്മഹത്യ ഭീഷണി മുഴക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത എസ്ഐയുടെ പേരെഴുതി വെച്ച് ആത്മഹത്യ ചെയ്യുമെന്നാണ് ഇ ബുൾ ജെറ്റ് എന്ന പേരില്‍ പ്രസിദ്ധമായ യുട്യൂബ് വ്ലോഗറുടെ ഭീഷണി. വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകും വഴി പൊലീസ് വാഹനത്തിലേക്ക് കയറ്റുന്നതിനിടെയാണ് കണ്ണൂർ ടൗൺ എസ്ഐയുടെ പേര് പരാമർശിച്ചു കൊണ്ടുള്ള ഭീഷണി.
ആർടി ഓഫീസില്‍ വാക്കേറ്റം നടത്തിയെന്ന പരാതിയിലാണ് ഇരിട്ടി കിളിയന്തറ സ്വദേശികളായ എബിൻ, ലിബിൻ എന്നി യുട്യൂബ് വ്ലോഗർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വാഹന നികുതി അടച്ചില്ല, അനുമതിയില്ലാതെ വാഹനത്തിന്റെ രൂപകല്പനയിൽ മാറ്റം വരുത്തി തുടങ്ങിയ ഒൻപതു കുറ്റങ്ങൾ ചുമത്തി മോട്ടോർ വെഹിക്കിൾ വിഭാഗം കഴിഞ്ഞ ദിവസമാണ് വ്ളോഗർമാരുടെ വാഹനം പിടിച്ചെടുത്തത്. ഉടമകളായ എബിൻ, ലിബിൻ എന്നിവരോട് ഇന്ന് രാവിലെ ആർ.ടി ഓഫിസിൽ എത്താൻ ആവശ്യപ്പെട്ടു.