കണ്ണൂർ: മാജിക്ക് ഇഷ്‌ടപ്പെടാത്തവരായി ആരുണ്ട്. കാണും തോറും കൗതുകവും പുതുമയും നിറയുന്ന ഇന്ദ്രജാലം. ഒരിക്കലും പുതുമ നഷ്ടപ്പെടാത്ത മാജിക്കില്‍ അതിലും വലിയ പുതുമ സൃഷ്ടിക്കുകയാണ് കണ്ണൂർ പാപ്പിനിശേരി സ്വദേശി ആൽവിൻ റോഷൻ. തലകുത്തി നിന്ന് മാജിക്, അതാണ് ആൽവിന്‍ മാജിക്കിന്‍റെ പ്രത്യേകത. അതെന്തേ തലകുത്തി നിന്ന് മാജിക് എന്ന ചോദിച്ചാല്‍ ആല്‍വിന്‍റെ മാജിക്ക് ഇങ്ങനെയാണ് എന്നാണ് ഉത്തരം.
തലകുത്തി നിന്ന് മാജിക് അവതരിപ്പിച്ച് ആൽവിൻ തലകുത്തി നിന്ന് റെക്കോഡും
തലകുത്തി നിന്ന് മാജിക്ക് അവതരിപ്പിച്ച് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡിലും ഈ മാന്ത്രികൻ ഇടം നേടി. 4 മിനിറ്റ് 57 സെക്കൻഡിൽ പത്ത് മാജിക് ട്രിക്കുകളാണ് തലകുത്തി നിന്ന് ആൽവിൻ അവതരിപ്പിച്ചത്.
കഠിനാധ്വാനം, മൂന്ന് വർഷം
മൂന്ന് വർഷത്തെ കഠിന പരിശ്രമമാണ് വിജയത്തിലെത്തിയത്. മജീഷ്യൻ ഗോപിനാഥ് മുതുകാടിന്‍റെ ഈ ശിഷ്യന്‍റെ പക്കലുള്ളതാകട്ടെ കിടിലൻ മാജിക്കുകളും. എട്ട് വയസ് മുതലാണ് ആൽവിൻ മാജിക് അവതരിപ്പിച്ച് തുടങ്ങിയത്. തീപ്പെട്ടിയിൽ നിന്ന് കമ്പുകൾ അപ്രത്യക്ഷമാക്കുന്ന കുഞ്ഞൻ മാജിക്കിൽ തുടക്കം. രക്ഷിതാക്കൾ അന്നു മുതല്‍ പ്രോത്സാഹനവുമായി കൂടെയുണ്ട്.
ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡിന് പുറമെ ചെറുതും വലുതുമായ നിരവധി അംഗീകാരങ്ങൾ ആൽവിനെ തേടിയെത്തിയിട്ടുണ്ട്. മാജിക്കിനെ കൊവിഡ് ബോധവത്കരണത്തിന്‍റെ ഭാഗമാക്കി വേദികൾ ലഭിക്കുന്ന മുറയ്ക്ക് അവതരിപ്പിക്കാനാണ് ആൽവിന്‍റെ ശ്രമം.
Also Read:ഇതാണ് സൗഹൃദം ; കുടുക്ക പൊട്ടിച്ച് സുഹൃത്തിന്‍റെ അമ്മക്ക് ചികിത്സാസഹായം നൽകി കുരുന്നുകൾ