ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവിലെ താമസസ്ഥലത്ത് കുത്തേറ്റു മരിച്ചു. പാനൂർ അണിയാരം മഹാ ശിവക്ഷേത്രത്തിന് സമീപം ഫാത്തിമാസിൽ മജീദിന്‍റെയും അസ്മയുടെയും മകൻ ജാവേദ് (29 ) ആണ് ഒപ്പം താമസിച്ചിരുന്ന യുവതിയുടെ കുത്തേറ്റു മരിച്ചത് (Women Stabs Kerala man to death with knif in Bengaluru). ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ ബെംഗളൂരുവിലെ ഹുളിമാവിൽ, അക്ഷയ നഗറിലുള്ള സർവീസ് അപ്പാർട്ട്‌മെന്‍റിലെ ഫ്‌ളാറ്റിലാണ് സംഭവം നടന്നത്.
സംഭവത്തിൽ ജാവേദിന്‍റെ കൂടെ താമസിച്ചിരുന്ന ബെലഗാവി സ്വദേശിനി സ്വദേശിനി രേണുക ബസവരാജു ബന്ദിവദ്ദാർ (34) എന്ന രേഖ ഗൗഡയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. നെഞ്ചിൽ കുത്തേറ്റ നിലയിൽ രേണുക തന്നെയാണ് ജാവേദിനെ ഹുറിമാവ് നാനോ ആശുപത്രിയിലെത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് ഹുളിമാവ് പൊലീസ് എത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം ബുധനാഴ്ച തന്നെ മൃതദേഹം ജാവേദിന്‍റെ ബന്ധുക്കൾക്ക് വിട്ടുനൽകി.
കൊല നടത്താനുണ്ടായ സാഹചര്യം രേണുക ഇപ്പോഴും പോലീസിനോട് വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും രേണുകയുടെ ഫോൺ പരിശോധിച്ചപ്പോൾ പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് വിവരം. രേണുകയ്ക്ക് മറ്റൊരാളുമായുള്ള സൗഹൃദത്തെച്ചൊല്ലി ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതിന്‍റെ തെളിവുകൾ ഫോണിൽ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഇക്കാര്യത്തെക്കിച്ചൊല്ലി ഇരുവരും പലപ്പോഴും കലഹിച്ചിരുന്നതായും കൊല നടന്ന ദിവസവും ഇതേ വിഷയത്തിലാണ് വാക്കേറ്റമുണ്ടായതെന്നും പോലീസ് പറഞ്ഞു.