കണ്ണൂർ: ഉത്തരകേരളത്തിൽ സ്‌ത്രീ കെട്ടിയാടുന്ന ഏക തെയ്യമാണ് 'ദേവക്കൂത്ത്'. മാട്ടൂൽ പഞ്ചായത്തിലെ തെക്കുമ്പാട് ദ്വീപിലുള്ള കൂലോം-തായക്കാവിലെ കളിയാട്ടത്തിനാണ് ദേവക്കൂത്ത് അവതരിപ്പിക്കുന്നത്. ധാരാളം തെയ്യങ്ങൾക്കിടയിൽ ദേവക്കൂത്ത് ശ്രദ്ധിക്കപ്പെടുന്നതും ഒരു സ്ത്രീ കെട്ടിയാടുന്നത് കൊണ്ടാവാം. മാടായിയിലെ എം.വി അംബുജാക്ഷിയാണ് ഈ തെയ്യം കെട്ടുന്നത്. തെയ്യം കെട്ടാൻ അവകാശമുള്ളത് മലയ സമുദായത്തിലെ സ്ത്രീകള്‍ക്കായതിനാല്‍ ‘കന്നിക്കൂത്ത്’എന്നും ഇത് അറിയപ്പെടുന്നുണ്ട്.
തെയ്യ ചമയത്തിൽ സ്‌ത്രീ സാന്നിധ്യമായി ദേവക്കൂത്ത് - ദേവക്കൂത്ത്
ഉത്തരകേരളത്തിലെ ധാരാളം തെയ്യങ്ങൾക്കിടയിൽ ഒരു സ്ത്രീ കെട്ടിയാടുന്നത് കൊണ്ടാണ് 'ദേവക്കൂത്ത്' ശ്രദ്ധിക്കപ്പെടുന്നത്
നാലുപാടും പുഴയാൽ ചുറ്റപ്പെട്ട തെക്കുമ്പാട് ഒരുകാലത്ത് മനോഹരമായ ഒരു പച്ചത്തുരുത്ത് ആയിരുന്നു. ഒരിക്കൽ ദേവലോകത്ത് ചുറ്റിനടക്കുകയായിരുന്ന ഏഴ് അപ്‌സരസുകൾ അതു കാണാൻ ഇടയാവുകയും അവിടെനിന്നും ഒരു പൂവെങ്കിലും കിട്ടണമെന്ന മോഹത്താൽ ഭൂമിയിലേക്കെത്തുകയും ചെയ്‌തു. ദ്വീപിൽ അകപ്പെട്ടുപോയ ഒരു അപ്‌സരസ് അവിടുത്തെ വള്ളിക്കെട്ടിൽ അഭയം തേടുകയും കരഞ്ഞുകൊണ്ട് നാരദനെ ധ്യാനിക്കുകയും ചെയ്‌തു. പ്രാർത്ഥനകേട്ട നാരദൻ അഞ്ജനക്കോലും കണ്ണാടിയും ചേലയുമായി വരികയും ദേവലോകത്തേക്ക് തിരികെപ്പോകുകയും ചെയ്‌തു എന്നാണ് ദേവക്കൂത്തിന്‍റെ ഐതിഹ്യം. ദേവക്കൂത്തിൽ നാരദനും വള്ളിയമ്മയും രംഗം അവതരിപ്പിക്കുന്നുണ്ട്.
ദേവക്കൂത്തിനായി വള്ളിയമ്മ 41 ദിവസത്തെ വ്രതത്തിനൊടുവിലാണു കോലം ധരിക്കുന്നത്. സാധാരണ തെയ്യങ്ങൾക്കുള്ള എല്ലാ ചമയങ്ങളും വള്ളിയമ്മയ്ക്കുമുണ്ട്. ശിരസ്സിൽ 21 കല്ലുവെച്ച തലപ്പാളി, ചുഴിപ്പ്, തലപ്പൂവ് എന്നിവയുള്ള കൂമ്പിയ തൊപ്പി, ചിലങ്ക, പാദസരം ഇവയൊക്കെയാണു വള്ളിയമ്മയുടെ പ്രധാന വേഷം. കൂടാതെ അപ്‌സരസിനെ അനുകരിച്ച് ഉടയാട ഞൊറിഞ്ഞ് ഉടുക്കുകയും ചെയ്യുന്നു. മൃദുവായ ചെണ്ടവാദ്യത്തിന്‍റെ അകമ്പടിയോടെയാണ് ദേവക്കൂത്തിലെ കോലം ക്ഷേത്രനടയ്ക്കൽ എത്തുന്നത്. ദേവക്കൂത്തിനു ചിറയ്ക്കൽ തമ്പുരാന്‍റെ കാലത്തോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു.