കേരളം

kerala

ETV Bharat / state

പിണറായിക്ക് എതിരെ ആരെല്ലാം: ധർമടത്ത് പോര് കനപ്പിക്കാൻ സികെപി വരുമോ

പിണറായിക്ക് എതിരെ ശക്തരായ സ്ഥാനാർഥികൾ വരുന്നതോടെ ദേശീയ തലത്തില്‍ ശ്രദ്ധയാകുന്ന ധർമടത്ത് വാശിയേറിയ പോരാട്ടമാകും നടക്കുക. കഴിഞ്ഞ തവണ 36905 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസിലെ മമ്പറം ദിവാകരനെ പരാജയപ്പെടുത്തി പിണറായി വിജയൻ ധർമടത്ത് നിന്ന് നിയമസഭയിലെത്തിയത്.

By

Published : Mar 13, 2021, 12:07 PM IST

vip constituency darmadam
പിണറായിക്ക് എതിരെ ആരെല്ലാം: ധർമടത്ത് പോര് കനപ്പിക്കാൻ സികെപി വരുമോ

കണ്ണൂർ: വിഐപി മണ്ഡലമാണ് ധർമ്മടം. കേരള മുഖ്യമന്ത്രിയും സിപിഎം പോളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയൻ തുടർച്ചയായി രണ്ടാം തവണ ജനവിധി തേടുമ്പോൾ ദേശീയ ശ്രദ്ധയാകർഷിക്കുകയാണ് ധർമടം നിയോജക മണ്ഡലം. സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഎം പ്രചാരണ പരിപാടികൾ ആരംഭിച്ചപ്പോൾ യുഡിഎഫും ബിജെപിയും സ്ഥാനാർഥി നിർണയം പൂർത്തിയാക്തിയിട്ടില്ല. തെരഞ്ഞെടുപ്പിന് ഒരു മുഴം മുൻപേ തയ്യാറായ പിണറായി വിജയൻ ധർമടത്ത് എത്തി പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.

പിണറായിക്ക് എതിരെ ഇത്തവണ ശക്തരായ സ്ഥാനാർഥികളെ നിർത്താനാണ് യുഡിഎഫും ബിജെപിയും ആലോചിക്കുന്നത്. യു.ഡി.എഫിനായി ഡി.സി.സി ജനറൽ സെക്രട്ടറിയും ധർമ്മടം മണ്ഡലത്തിലെ അഞ്ചരകണ്ടി വണ്ടിക്കാരൻ പീടിക സ്വദേശിയുമായ സി.രഘുനാഥ് മത്സര രംഗത്തിറങ്ങുമെന്ന് സൂചനയുണ്ടായിരുന്നു. കഴിഞ്ഞ നാലു തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് മണ്ഡലം തെരഞ്ഞടുപ്പ് കൺവീനറായിരുന്നു സി. രഘുനാഥ്. മുഖ്യമന്ത്രിയെ നേരിടാൻ എ.ഐ.സി.സി വക്താവ് ഷമാ മുഹമ്മദ്, ഫോർവേഡ് ബ്ളോക്ക് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ജി.ദേവരാജൻ എന്നിവരെയും കെ.പി.സി.സി പരിഗണിച്ചിരുന്നു. ജി.ദേവരാജന് താല്‍പര്യമുണ്ടെങ്കില്‍ സീറ്റ് വിട്ടുകൊടുക്കാൻ തയ്യാറാണെന്ന് ഇന്നലെ ഡല്‍ഹിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുകയും ചെയ്തു. പക്ഷേ ആര് മത്സരിക്കണം എന്ന കാര്യത്തില്‍ യുഡിഎഫിലും കോൺഗ്രസിലും തീരുമാനമായിട്ടില്ല.

2016ലെ തെരഞ്ഞെടുപ്പില്‍ ധർമ്മടം മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തായ ബി.ജെ.പിയും ശക്തനായ സ്ഥാനാർത്ഥിയെ തന്നെയാണ് തേടുന്നത്. മണ്ഡലത്തിന് പുറത്തുള്ള മുൻ നിര നേതാക്കളെയാണ് ബിജെപി തേടുന്നത്. ദേശീയ നിർവാഹകസമിതിയംഗം സി.കെ പത്മനാഭന്‍റെ പേരിനാണ് ധർമടത്ത് മുൻഗണന. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ അതിശക്തനായ നേതാവ് പോരാട്ടത്തിനിറങ്ങണമെന്ന് പാർട്ടി കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചതിനെ തുടർന്നാണ് കണ്ണുരിലെ ഉന്നതനായ നേതാവ് വീണ്ടും മത്സര രംഗത്തേക്കിറങ്ങാൻ സാധ്യതയേറിയത്. എന്നാൽ കല്യാശേരിയിലോ തളിപ്പറമ്പിലോ വേണമെങ്കിൽ മത്സരിക്കാമെന്നാണ് സി.കെ.പിയുടെ നിലപാട്.

പാർട്ടി കേന്ദ്ര നേതൃത്വം നിർബന്ധം പിടിക്കുകയാണെങ്കിൽ സി.കെ.പി മത്സര രംഗത്തുണ്ടാകും. സംസ്ഥാനത്ത് തന്നെ ബി.ജെ.പിയുടെ ഏറ്റവും തലമുതിർന്ന നേതാക്കളിലൊരാളാണ് സി.കെ പത്മനാഭൻ. 1969ല്‍ ഭാരതീയ ജനസംഘത്തിലൂടെ സജീവ രാഷ്ടീയത്തിലേക്ക് ഇറങ്ങിയ സികെ പത്മനാഭൻ ആർ.എസ്.എസ് പ്രചാരകനായി പ്രവർത്തിച്ചു. എൺപതുകളിൽ ബി.ജെ.പി രൂപം കൊണ്ടപ്പോൾ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. രണ്ടു തവണ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായിരുന്നു. ഇപ്പോൾ ദേശീയ നിർവാഹക സമിതിയംഗമാണ്. എന്തായാലും പിണറായിക്ക് എതിരെ ശക്തരായ സ്ഥാനാർഥികൾ വരുന്നതോടെ ദേശീയ തലത്തില്‍ ശ്രദ്ധയാകുന്ന ധർമടത്ത് വാശിയേറിയ പോരാട്ടമാകും നടക്കുക. കഴിഞ്ഞ തവണ 36905 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസിലെ മമ്പറം ദിവാകരനെ പരാജയപ്പെടുത്തി പിണറായി വിജയൻ ധർമടത്ത് നിന്ന് നിയമസഭയിലെത്തിയത്.

ABOUT THE AUTHOR

...view details