കണ്ണൂർ:നാട് മുഴുവൻ കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമാകുമ്പോൾ സ്വന്തം വിവാഹം തന്നെ മാറ്റിവെച്ച് രോഗികൾക്കൊപ്പം നില്‍ക്കുകയാണ് കണ്ണൂരിലെ യുവ ഡോക്‌ടർ. മാർച്ച് 29നാണ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. ഷിഫ എം. മുഹമ്മദിന്‍റെ വിവാഹം നടക്കേണ്ടിയിരുന്നത്. "വിവാഹ തിയ്യതി മാറ്റുന്നതിൽ വിഷമമില്ല, അത് പിന്നീട് നടത്താം, എന്നാൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡുകളിൽ ജീവന് വേണ്ടി പൊരുതുന്ന രോഗികളുടെ കാര്യം അതല്ല, അവർ ജീവിതത്തിലേക്ക് തിരിച്ച് വരണം", ഷിഫ പറയുന്നു. ഷിഫയുടെ തീരുമാനത്തിന് ദുബായില്‍ വ്യവസായിയും പ്രതിശ്രുത വരനുമായ അനസ് മുഹമ്മദ് പൂർണ പിന്തുണയാണ് നൽകിയത്.
'വിവാഹം പിന്നീടാകാം'; കൊവിഡിന് എതിരായ പോരാട്ടത്തില്‍ യുവ ഡോക്‌ടറുടെ നിശ്ചയദാർഢ്യം - ഷിഫ കല്യാണം മാറ്റിവച്ചു
"വിവാഹ തിയ്യതി മാറ്റുന്നതിൽ വിഷമമില്ല, അത് പിന്നീട് നടത്താം, എന്നാൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡുകളിൽ ജീവന് വേണ്ടി പൊരുതുന്ന രോഗികളുടെ കാര്യം അതല്ല, അവർ ജീവിതത്തിലേക്ക് തിരിച്ച് വരണം", ഷിഫ പറയുന്നു.
കൊവിഡിന് എതിരായ പ്രതിരോധവും ചികിത്സയുമാണ് തന്‍റെ മുഖ്യകടമയെന്ന് ഷിഫ നിലപാടെടുത്തോടെ കുടുംബം അഭിമാനത്തോടെ പിന്തുണച്ചു. വരന്‍റെ വീട്ടുകാരും യോജിച്ചതോടെ മാർച്ച് 29ന് നടത്താനിരുന്ന വിവാഹം നീട്ടിവെക്കുകയായിരുന്നു. എൻ.സി.പി നേതാവും എൽഡിഎഫ് കോഴിക്കോട് ജില്ലാ കൺവീനറുമായ മുക്കം മുഹമ്മദിന്‍റെ മകളാണ് ഡോ.ഷിഫ. സംസ്ഥാനത്ത് കൊവിഡ് പോസിറ്റീവ് കേസുകൾ വർധിച്ച സാഹചര്യത്തിൽ പരിയാരം മെഡിക്കൽ കോളജിനെ കൊവിഡ് ചികിത്സിക്കുള്ള ആശുപത്രിയാക്കി മാറ്റിയിരുന്നു. കാസർകോട് ജില്ലയില്‍ നിന്നടക്കം രോഗികൾ എത്തിയതോടെ ആശുപത്രി നിറഞ്ഞു. ഈ സാഹചര്യത്തിലാണ് ഷിഫ എല്ലാം മറന്ന് ആശുപത്രി തിരക്കുകളിൽ മുഴുകിയത്.