കണ്ണൂർ: കണ്ണൂര്‍ ജില്ലയിലെ 7 മണ്ഡലങ്ങളിലെ മുഴുവന്‍ ബൂത്തുകളിലും വെബ്‌ക്യാമറ സ്ഥാപിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നിര്‍ദേശം നൽകിയതായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. പയ്യന്നൂര്‍, കല്യാശ്ശേരി, തളിപ്പറമ്പ്, ധര്‍മടം, പേരാവൂര്‍, കണ്ണൂര്‍, തലശ്ശേരി മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് വെബ്‌ക്യാമറ സ്ഥാപിക്കാന്‍ ഉത്തരവിട്ടത്.
കണ്ണൂരിൽ 7 മണ്ഡലങ്ങളിലെ ബൂത്തുകളിൽ വെബ്‌ക്യാമറ - vote
പയ്യന്നൂര്‍, കല്യാശ്ശേരി, തളിപ്പറമ്പ്, ധര്‍മടം, പേരാവൂര്‍, കണ്ണൂര്‍, തലശ്ശേരി എന്നീ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് വെബ്‌ക്യാമറ സ്ഥാപിക്കാന്‍ കോടതി ഉത്തരവിട്ടത്.
കള്ളവോട്ട് തടയുന്നതിന് നടപടി ആവശ്യപ്പെട്ട് കല്യാശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് പി പി കരുണാകരന്‍ മാസ്റ്റര്‍ ഹൈക്കോടതിയില്‍ നൽകിയ റിട്ട് ഹര്‍ജിയിലാണ് കോടതി നിർദേശം. പോളിങ് ബൂത്തിലേക്ക് പ്രവേശിക്കുന്ന വോട്ടര്‍മാര്‍ മാസ്‌ക് നീക്കം ചെയ്യണമെന്നും വെബ് കാസ്റ്റിങിന്‍റെ ലിങ്ക് പരാതിക്കാരന് ലഭ്യമാക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. തെരഞ്ഞെടുപ്പിന് ശേഷം പത്തുദിവസത്തിനകം വെബ്‌ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌കിന്‍റെ പകര്‍പ്പും പരാതിക്കാരന് കൈമാറണം. പോളിങ്ങില്‍ കൃത്രിമം നടന്നതായി തെളിഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് കോടതി നിര്‍ദേശം നൽകിയിട്ടുണ്ട്.
ഒരാള്‍ക്ക് ഒരു വോട്ട് മാത്രമായാല്‍ ഉത്തര മലബാറിലെ പല മണ്ഡലങ്ങളിലും സിപിഎമ്മിന് അടിപതറുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. എല്‍ഡിഎഫിന്‍റെ കണ്ണുകള്‍ കള്ളവോട്ടിലാണ്. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയായിരുന്ന കുഞ്ഞനന്തന്‍ മരിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായെങ്കിലും അദ്ദേഹത്തിന്‍റെ പേര് ഇപ്പോഴും വോട്ടര്‍പ്പട്ടികയിലുണ്ട്. ഇരട്ടവോട്ടുള്ളത് ഏതുപാര്‍ട്ടിയിലെ പ്രവര്‍ത്തകനായാലും അവ റദ്ദാക്കണമെന്നാണ് യുഡിഎഫിന്‍റെ ആവശ്യം. കോടികള്‍ ചിലവാക്കി എല്‍ഡിഎഫ് പരസ്യം നൽകി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുകയാണ്. അഴിമതിയില്‍ നിന്നാര്‍ജിച്ച പണമാണ് തെരഞ്ഞെടുപ്പില്‍ ഒഴുക്കുന്നതെന്നും ഉറവിടം എവിടെ നിന്നാണെന്ന് വ്യക്തമാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു.