പറശ്ശിനിക്കടവിലേക്ക് പുതിയ വാട്ടർ ടാക്‌സിയെത്തി കണ്ണൂർ: ജലഗതാഗത വകുപ്പിന് അതിഥിയായി പറശ്ശിനിക്കടവ് പുഴയിൽ പുതിയ വാട്ടർ ടാക്‌സി എത്തി. തേജസ് മൂന്ന് എന്ന് പേരിട്ടിരിക്കുന്ന ഈ വാട്ടർ ടാക്‌സി പുത്തൻ ലുക്കിലാണ് പറശ്ശിനിക്കടവിലേക്ക് എത്തിയത്. 2021 ജനുവരിയിലാണ് ജലഗതാഗത വകുപ്പ് പറശ്ശിനിക്കടവിൽ ആദ്യമായി വാട്ടർ ടാക്‌സി ഇറക്കിയത്.
നദിയോര വിനോദ സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് വാട്ടർ ടാക്‌സികൾ ആണ്. ഇന്ത്യയിൽ തന്നെ രണ്ടാമത്തെ വാട്ടർ ടാക്‌സി സർവീസ് ആണ് പറശ്ശിനിക്കടവിലേത്. ആധുനിക സുരക്ഷ സംവിധാനമുള്ള കാറ്റമറൈൻ ബോട്ട് ആണിത്.
ഫൈബറിൽ നിർമിച്ച ബോട്ടിൽ ഒരേ സമയം 10 പേർക്ക് സഞ്ചരിക്കാൻ ആകും. മണിക്കൂറിൽ 35 കിലോമീറ്റർ വേഗത്തിൽ ഈ ബോട്ട് ഓടും. ഒരാൾക്ക് 40 രൂപയാണ് ചാർജ്, 10 പേരടങ്ങുന്ന സംഘത്തിന് 750 രൂപക്ക് അരമണിക്കൂർ നേരവും 1500 രൂപയ്ക്ക് ഒരു മണിക്കൂർ സമയവും യാത്ര ചെയ്യാം.
വളപട്ടണം പുഴയുടെ തുരുത്തുകളും തീരങ്ങളും കണ്ട് പ്രകൃതി ഭംഗി ആസ്വദിക്കാൻ ആകും. ആദ്യമായിറക്കിയ ബോട്ട് എൻജിൻ തകരാറുമൂലം കൃത്യമായി സർവീസ് നടത്താൻ സാധിക്കാത്തത് ജലഗതാഗത വകുപ്പിന് വലിയ വരുമാനം നഷ്‌ടം ഉണ്ടാക്കിയിരുന്നു. തേജസ് 3ന് മുൻപ് ഇവിടെ ഉണ്ടായിരുന്ന വാട്ടർ ടാക്‌സി നവംബർ അഞ്ച് മുതൽ തകരാർ മൂലം സർവീസ് നടത്തിയിട്ടില്ല.
ടാക്‌സിയുടെ കേന്ദ്രഭാഗങ്ങൾക്ക് തകരാർ വന്നാൽ ഇന്ത്യക്ക് പുറത്തുനിന്ന് സാമഗ്രികൾ എത്തിക്കേണ്ടതുണ്ട്. അവ എത്തിയാൽ മാത്രമേ തകരാറുകൾ പരിഹരിക്കാൻ ആകൂ. ഒരാഴ്‌ചക്കുള്ളിൽ അറ്റകുറ്റപ്പണി നടത്തി ടാക്‌സിയുടെ പ്രശ്‌നം പരിഹരിക്കുമെന്ന് ജല വിഭാഗവും അധികൃതർ പറഞ്ഞു. ജല ഗതാഗത വകുപ്പിന്‍റെ കീഴിൽ പറശ്ശിനിക്കടവ്-മാട്ടൂൽ പറശ്ശിനിക്കടവ്-വളപട്ടണം റൂട്ടിലും നിലവിൽ വാട്ടർ ടാക്‌സിയെ കൂടാതെ ടൂറിസം പാസഞ്ചർ ബോട്ട് സർവീസ് നടത്തുന്നുണ്ട്.
പറശ്ശിനിക്കടവ് മാട്ടൂൽ റൂട്ടിന് 60 രൂപയാണ് ചാർജ്. പറശ്ശിനിക്കടവിൽ നിന്ന് മാട്ടൂലിൽ എത്താൻ ഒരു മണിക്കൂർ 45 മിനിറ്റ് സമയം എടുക്കും. മിനിമം 10 രൂപ നിരക്കിൽ പറശ്ശിനിയിൽ നിന്ന് വളപട്ടണത്തേക്ക് 40 രൂപയാണ് ചാർജ്. 70 പേർക്ക് ഇരിക്കാൻ കഴിയുന്ന ബോട്ട് ആണിത്.
മലബാറിലെ തന്നെ വലിയ തീർഥാടന കേന്ദ്രങ്ങളിൽ ഒന്നായ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയ്ക്ക് സമീപമുള്ള ബോട്ട് ജെട്ടിയിലേക്ക് നിരവധി തീർഥാടകരും വിനോദസഞ്ചാരികളും ആണ് എത്താറുള്ളത്. വളപട്ടണം പുഴയുടെ തീരങ്ങളും മാട്ടൂൽ കടൽ തീരവും ഒക്കെ കണ്ടുള്ള യാത്ര ഏറെ മനോഹരമാണ്. രാവിലെ 7 മണിക്ക് തുടങ്ങുന്ന സർവീസ് രാത്രി 7 മണി വരെ നീളും.