കണ്ണൂര്‍ : മാലിന്യങ്ങള്‍ കൃത്യമായി സംസ്‌കരിച്ച് അതിൽ നിന്നും വരുമാന മാർഗം കണ്ടെത്തുകയാണ് തളിപ്പറമ്പ് നഗരസഭ. ഹരിത കർമ സേനയുടെ കരിമ്പത്തെ ട്രഞ്ചിംഗ് ഗ്രൗണ്ടിലേക്ക് എത്തിക്കുന്ന ജൈവ മാലിന്യങ്ങൾ സംസ്കരിച്ച് വളമാക്കി അത് പൊതുജങ്ങളിലേക്കെത്തിക്കും.
കേന്ദ്രസർക്കാരിന്‍റെ നിതി ആയോഗ് റിപ്പോർട്ടിൽ, കെട്ടിക്കിടക്കുന്ന മാലിന്യം സംസ്കരിക്കാനുള്ള ഏറ്റവും മികച്ച മാതൃകയായി തെരഞ്ഞെടുത്തതും തളിപ്പറമ്പ് നഗരസഭയെയാണ്. പൊതുജനങ്ങൾക്ക് ഇതിന്‍റെ സേവനം കൂടുതൽ ലഭിക്കാൻ ഹെല്‍പ്പ് ലൈന്‍ കൂടി ആരംഭിച്ചിട്ടുണ്ട്.
മാർക്കറ്റിൽ നിന്നുള്ള പഴം - പച്ചക്കറി മാലിന്യങ്ങളൊക്കെ വളമാക്കി വരുമാനം കണ്ടെത്തുകയാണിപ്പോൾ നഗരസഭ. 2018 മുതൽ 'നെല്ലിക്ക' എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് നിർമൽ ഭാരത് ട്രസ്റ്റ് എന്ന ഏജൻസി വഴിയാണ് ഈ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കി വരുന്നത്. തളിപ്പറമ്പ് നഗരസഭാ പരിധിയിലെ വീടുകളിൽ നിന്നും കടകളിൽ നിന്നും ശേഖരിക്കുന്ന ജൈവ -അജൈവ മാലിന്യങ്ങൾ എല്ലാം ശേഖരിച്ച് കരിമ്പം ട്രഞ്ചിംഗ് ഗ്രൗണ്ടിലാണ് എത്തിക്കുന്നത്.