പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നു; നാട്ടുകാര്‍ ദുരിതത്തില്‍ - കണ്ണൂരിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നു
പ്രദേശവാസികള്‍ ന്യൂ മാഹി പൊലീസ് സ്റ്റേഷനിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കി
![പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നു; നാട്ടുകാര്‍ ദുരിതത്തില്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4172795-344-4172795-1566152142995.jpg)
കണ്ണൂർ: തലശ്ശേരിക്കടുത്ത് കോടിയേരി മീത്തലെ വയൽ മുത്തപ്പൻ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം മാലിന്യം തള്ളിയത് നാട്ടുകാർക്ക് ദുരിതമായി. പ്ലാസ്റ്റിക്ക് ഉൾപ്പടെയുള്ള മാലിന്യങ്ങളാണ് രാത്രിയുടെ മറവിൽ തള്ളിയത്.
ഞായറാഴ്ച്ച രാവിലെയാണ് റോഡരികിലെ ഒഴിഞ്ഞ പറമ്പിൽ ലോഡ് കണക്കിന് മാലിന്യം തള്ളിയത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. പ്ലാസ്റ്റിക്ക് ഉൾപ്പടെയുള്ള മാലിന്യങ്ങളാണ് തള്ളിയത്. പ്രദേശത്തുള്ളവരുടെ കളിസ്ഥലം കൂടിയാണിത്. മാലിന്യ കൂമ്പാരത്തിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ തലശേരി ലിബർട്ടി തിയേറ്ററിന്‍റെ ടിക്കറ്റുകൾ ഉൾപ്പടെ ലഭിച്ചതായി നാട്ടുകാർ കണ്ടെത്തി.
തുടർന്ന് നാട്ടുകാർ ന്യൂ മാഹി പൊലീസ് സ്റ്റേഷനിലും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും പരാതി നൽകി. പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചാണ് നാട്ടുകാർ പരാതി നൽകിയത്. പൊതുസ്ഥലത്ത് മാലിന്യം തള്ളിയ സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് വാർഡ് കൗൺസിലർ ഗീതയും ഉറപ്പുനൽകി.