കണ്ണൂരിലെ ബീച്ചുകളില്‍ നവംബര്‍ 15 വരെ സന്ദര്‍ശകര്‍ക്ക് വിലക്ക് - Visitors barred from beaches in Kannur
കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ജില്ലയില്‍ 144 പ്രകാരമുള്ള നിരോധനാജ്ഞ നിലവിലുണ്ട്.
കണ്ണൂർ: കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ബീച്ചുകളില്‍ നവംബര്‍ 15 വരെ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ടി. വി. സുഭാഷ് ഉത്തരവിറക്കി. ദുരന്ത നിവാരണ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് വിലക്ക്. കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ജില്ലയില്‍ 144 പ്രകാരമുള്ള നിരോധനാജ്ഞ നിലവിലുണ്ട്. യാതൊരു നിയന്ത്രണവും ഇല്ലാതെയും സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കാതെയും വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ആളുകള്‍ തടിച്ചുകൂടുന്നത് രോഗവ്യാപനം ശക്തിപ്പെടുത്തും എന്നതിനാലാണ് ബീച്ചുകളില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ ദുരന്തനിവാരണ നിയമം, പകര്‍ച്ചവ്യാധി നിയമം എന്നിവയിലെ വകുപ്പുകള്‍ പ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.