കണ്ണൂര്‍:പേപ്പറിൽ പക്ഷികളെയും തുണിയിൽ പ്രധാനമന്ത്രിമാരെയും വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടിയ സന്തോഷത്തിലാണ് കളിക്കൂട്ടുകാരായ വിജിത്തും ഗാഥയും. തളിപ്പറമ്പ് സ്വദേശികളായ ഇരുവരും കുട്ടിക്കാലം മുതൽ സുഹൃത്തുക്കളാണ്.
എ-3 പേപ്പറില്‍ 206 വ്യത്യസ്‌ത പക്ഷികളെ വരച്ച് വിജിത്തും വെള്ളത്തുണിയില്‍ 15 പ്രധാനമന്ത്രിമാരുടെ എംബ്രോയിഡറി വര്‍ക്ക് ചെയ്ത് ഗാഥയും ഒരേസമയം റെക്കോഡിലെത്തി.
വിജിത്തിന്‍റെ പക്ഷികളും ഗാഥയുടെ പ്രധാനമന്ത്രിമാരും; വരകളിലൂടെ റെക്കോഡ് നേടി കളിക്കൂട്ടുകാർ ഒന്നിച്ച് റെക്കോഡ് നേടി സുഹൃത്തുക്കൾ
13 വര്‍ഷമായി ഒമാനിലായിരുന്ന വിജിത്ത് നാട്ടിലെത്തിയപ്പോഴാണ് തന്‍റെ കലാവാസന പുതുക്കാമെന്ന ചിന്തയിലേക്ക് തിരിയുന്നത്. എക്‌സോട്ടിക് ഡ്രീം എന്ന കലാകാരന്മാരുടെ വാട്‌സ്ആപ്പ് കൂട്ടായ്‌മ വഴി ഡാവിഞ്ചി സുരേഷ് എന്ന കലാകാരനാണ് ഇത്തരമൊരു വര്‍ക്ക് ചെയ്യാന്‍ പിന്തുണ നല്‍കിയതെന്ന് വിജിത്ത് പറയുന്നു.
ഫാഷന്‍ ഡിസൈനറും തളിപ്പറമ്പിലെ ഒരു സ്ഥാപന ഉടമയുമായ ഗാഥയാവട്ടെ ജോലി തിരക്ക് കാരണം വരയില്‍ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. ഉറ്റസുഹൃത്തായ വിജിത്തിന്‍റെ പ്രചോദനം കൂടി ലഭിച്ചതോടെ വീണ്ടും വരയിലേക്ക് തിരിഞ്ഞു. ആറ് ദിവസമെടുത്ത് ഗാഥയും 23 മണിക്കൂറുകൊണ്ട് വിജിത്തും ചിത്രം പൂര്‍ത്തിയാക്കി.
തുടർന്ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിന് അപേക്ഷിച്ചുകൊണ്ട് തങ്ങളുടെ കലാസൃഷ്‌ടികൾ അയച്ചു നൽകുകയായിരുന്നു. മന്ത്രി സജി ചെറിയാനില്‍ നിന്നാണ് ഇരുവരും റെക്കോര്‍ഡ് കൈപ്പറ്റിയത്. തുടർന്നും ഒന്നിച്ച് വ്യത്യസ്‌തമായ വർക്കുകൾ ചെയ്യണമെന്നാണ് ഇരുവരുടെയും തീരുമാനം.
ALSO READ:പഴങ്ങളും പൂക്കളും നിറയുന്ന വീട്ടുമുറ്റം, ഇത് റഈസയുടെ സ്വർഗ ലോകം