കണ്ണൂർ:അഴീക്കോട് പ്ലസ്ടു കോഴ കേസിൽ കെഎം ഷാജി എംഎൽഎയെ വിജിലൻസ് ചോദ്യം ചെയ്ത് വിട്ടയച്ചു. കണ്ണൂർ വിജിലൻസ് ഓഫീസിൽ വെച്ച് ഡിവൈഎസ്പി ബാബു പെരിങ്ങേത്താണ് ഷാജിയുടെ മൊഴിയെടുത്തത്. മൂന്ന് മണിക്കൂർ നീണ്ടു നിന്ന ചോദ്യം ചെയ്യലിൽ ഷാജിക്ക് പറയാനുള്ള കാര്യങ്ങൾ മുഴുവൻ വിജിലൻസ് കേട്ടു. അന്വേഷണ സംഘം ആവശ്യപ്പെട്ട രേഖകൾ ഉടൻ കൈമാറുമെന്ന് ഷാജി പറഞ്ഞു. തനിക്കെതിരെ ഒരു തെളിവുമില്ല, അതുകൊണ്ട് ഒരു ഭയവുമില്ല. നിരപരാധിയാണെന്ന് ബോധ്യപ്പെടുത്തുകയാണ് തന്‍റെ ലക്ഷ്യമെന്നും ഷാജി പറഞ്ഞു. തനിക്കെതിരെ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ട്. അത് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് തുടങ്ങിയതാണ്. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണ്. നിയമപരമായും രാഷ്ട്രീയപരമായും അതിനെ നേരിടും. അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം മുസ്ലീം ലീഗ് തീരുമാനിക്കുമെന്നും കെ എം ഷാജി എംഎൽഎ പറഞ്ഞു.
പ്ലസ്ടു കോഴ; കെഎം ഷാജി എംഎൽഎയെ വിജിലൻസ് ചോദ്യം ചെയ്ത് വിട്ടയച്ചു
തനിക്കെതിരെ ഒരു തെളിവുമില്ല, അതുകൊണ്ട് ഒരു ഭയവുമില്ല. നിരപരാധിയാണെന്ന് ബോധ്യപ്പെടുത്തുകയാണ് തന്‍റെ ലക്ഷ്യമെന്നും ഷാജി പറഞ്ഞു.
കെ എം ഷാജിക്ക് പറയാനുള്ളതാണ് വിജിലൻസ് കേട്ടതെന്ന് അന്വേഷണ തലവൻ ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് പറഞ്ഞു. ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ല. ഇനിയും വിളിപ്പിക്കേണ്ടി വരും. മുസ്ലീം ലീഗ് സംസ്ഥാന നേതാക്കളേയും വിളിപ്പിക്കേണ്ടി വരും. ഷാജി നൽകിയ മൊഴിക്ക് അനുബന്ധമായി പല തെളിവുകളും ശേഖരിക്കേണ്ടതുണ്ട്. ഇതിനകം 26 സാക്ഷികളെയാണ് ചോദ്യം ചെയ്തത്. 14 തെളിവുകളും ലഭിച്ചു. കേസിന്‍റെ നടപടി ക്രമങ്ങൾ തുടരുകയാണ്. അന്വേഷണം എപ്പോൾ അവസാനിപ്പിക്കാൻ കഴിയുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് പറഞ്ഞു.